തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് പ്രധാനമന്ത്രിയുടെ പ്രധാന പ്രചാരണ പരിപാടികൾ.
ഉച്ചയ്ക്ക് രണ്ടരയോടു കൂടി പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം അദ്ദേഹം തിരുവല്ലയിലെ പൊതുപരിപാടിക്കായി പോകും. തിരുവല്ലയിലെ പരിപാടികൾക്ക് ശേഷേം തിരുവനന്തപുരത്ത് തിരിച്ചെത്തും. തിരുവനന്തപുരത്ത് കിള്ളിപ്പാലം ജംഗ്ഷൻ മുതൽ കരമന വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടത്തും. ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളായ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളും മറ്റ് ബിജെപി നേതാക്കളും റോഡ് ഷോയിൽ അദ്ദേഹത്തെ അനുഗമിക്കും.
ശക്തമായ സുരക്ഷാ വലയത്തിലാണ് തിരുവനന്തപുരം നഗരം. പോലീസിനു പുറമെ അർദ്ധ സൈനിക വിഭാഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നീട് കൊച്ചിയിലുമാണ് പ്രചാരണം. രാവിലെ 10:50ന് മുഹമ്മ കാവുങ്കലിൽ പൊതുയോഗത്തിൽ സംസാരിക്കും. പന്ത്രണ്ടരയ്ക്ക് കട്ടപ്പനയിൽ റാലിയിൽ പങ്കെടുക്കും. തുടർന്ന് ഫോർട്ട് കൊച്ചിയിൽ മുഹമ്മദ് ഷിയാസിനു വേണ്ടിയും കുന്നത്തുനാട് വി.പി സജീന്ദ്രനുവേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തന്റെ സ്വന്തം മണ്ഡലമായ ധർമടത്താണ് പ്രചാരണം നടത്തുക. എല്ലാ ലോക്കൽ കമ്മിറ്റി പരിധികളിലും മുഖ്യമന്ത്രി പര്യടനം നടത്തും. നാളെയും പര്യടനം തുടരും. രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി അവസാനിക്കുന്ന രീതിയിൽ മുഴുവൻ സമയ പ്രചാരണമാണ് ക്രമീകരിച്ചിരിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് നാല് ദിവസം മാത്രം ശേഷിക്കെ സംസ്ഥാനം തീവ്ര പ്രചാരണ ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ ഭൂചലനം; എട്ട് പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു; ഡൽഹിയിലും പ്രകമ്പനം















































