ദുബായ്: കഴിഞ്ഞദിവസം അമേരിക്കനടത്തിയ ആക്രമണത്തിനു മറുപണിതരുമെന്ന് പറഞ്ഞപോലെ തന്നെ ഇറാൻ പ്രവർത്തിച്ചു. ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും ഇറാന്റെ ശക്തമായ ആക്രമണം. അബുദാബിയിലെ കെസാദ് സാമ്പത്തിക മേഖലയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്കു പരുക്കേറ്റു. ഒമാനിലെ സലാല തുറമുഖത്തേക്കും ഡ്രോൺ ആക്രമണമുണ്ടായി. ഇവിടെ ക്രെയിൻ തകർന്നുവീണ് ഒരാൾക്ക് പരുക്ക്.
സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലേക്കാണ് ഇറാനിൽനിന്നു ശക്തമായ ഡ്രോൺ- മിസൈൽ ആക്രമണങ്ങളുണ്ടായത്. യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം.
ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റത്. സാമ്പത്തികമേഖലയിൽ രണ്ടിടത്ത് തീപ്പിടിത്തം ഉണ്ടായി. അതുപോലെ ഒമാനിലെ സലാല തുറമുഖത്തേക്ക് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ക്രെയിൻ തകർന്നുവീണ് തൊഴിലാളിക്ക് പരുക്കേറ്റു. ഇതോടെ സലാല തുറമുഖം താൽക്കാലികമായി അടച്ചു.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 സൈനികർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. ബഹ്‌റൈനിലും പുലർച്ചെയോടെ ഡ്രോൺ ആക്രമണ ശ്രമമുണ്ടായതായും റിപ്പോർട്ട്.
അതേസമയം ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ഗൾഫ് മേഖലയിലേക്കുള്ള ആക്രമണം ഇറാൻ കൂടുതൽ ശക്തമാക്കിയതെന്നാണ് വിവരം.















































