ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരേ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി മുസ്‌ലിം ലീഗ് നേതാവ്. കായംകുളം മണ്ഡലം യുഡിഎഫ് കൺവീനർ എ. ഇർഷാദ് ആണ് യുഡിഎഫ് കൺവൻഷനിൽ മോശം പരാമർശം നടത്തിയത്.
ഇതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. ‘നിങ്ങൾക്കറിയാം, രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവരുടെ മകൻ അകപ്പെട്ട കഞ്ചാവുകേസിൽ അവർ എടുത്തിട്ടുള്ള നിലപാട്, എന്ന് പ്രതിഭയെ ലക്ഷ്യമിട്ട് ഇർഷാദ് പറയുന്നതാണ് പുറത്തെത്തിയ വീഡിയോയുടെ ആദ്യഭാഗത്തുള്ളത്.
തുടർന്ന് ഒരു ജനപ്രതിനിധി എന്ന നിലയിൽ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന പരമമായ യാഥാർഥ്യം മുന്നിൽനിൽക്കുമ്പോഴാണ് അവരുടെ നാക്ക് ചാതുര്യം കൊണ്ടും മറ്റും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരികയാണെന്ന് തുടങ്ങി മോശം പരാമർശം ഇർഷാദ് നടത്തിയത്.
















































