തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നുമെന്ന പ്രചരണങ്ങൾക്കു പിന്നാരെ സ്വർണ്ണ വില ഉയിർത്തെഴുന്നേൽക്കുകയാണ്. ഇതുവരെ വലിയ മുന്നേറ്റമൊന്നുമില്ലാതിരുന്ന വിലയാണ് ഇപ്പോൾ മുകളിലേയ്ക്ക് ഉയരുന്നത്. കഴിഞ്ഞദിവസങ്ങളിലെ താൽക്കാലിക വീഴ്ചയിൽ നിന്ന് രാജ്യാന്തര വിപണിയിലും കേരളത്തിലും വില ഇന്നും കുതിച്ചുകയറി. കേരളത്തിൽ ഇന്നു രാവിലെ വില ഗ്രാമിന് 345 രൂപ ഉയർന്ന് 13,445 രൂപയായി. പവന് 2760 രൂപ വർധിച്ച് 1,07,560 രൂപയിലുമെത്തി.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പവൻവില 99,480 രൂപയിലേക്ക് ഇടിഞ്ഞെങ്കിലും അത് നീണ്ടുനിന്നില്ല. അന്നുതന്നെ വില വീണ്ടും ഒരുലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ ഉടനെയുണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നതോടെ എണ്ണവിലയിലും പ്രകടമായ മാറ്റങ്ങൾ വന്നുതുടങ്ങി. രാജ്യാന്തര എണ്ണവില ബാരലിന് 100 ഡോളറിന് താഴെയെത്തി. യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.15% താഴ്ന്ന് 99.29 ആയി.
എണ്ണയും ഡോളറും വീണത് അനുകൂലമാക്കിയാണ് സ്വർണക്കുതിപ്പ്. സ്വർണം അഥവാ ഗോൾഡ് ഇടിഎഫ് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ വീണ്ടെടുക്കുകയാണ്. രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് ഔൺസിന് 172 ഡോളർ ഉയർന്ന് 4,573 ഡോളറിൽ. ഇതാണ് രാജ്യാന്തര വിലയുടെ ട്രെൻഡ് എങ്കിൽ കേരളത്തിൽ പവൻവില വീണ്ടും 1.10 ലക്ഷം രൂപ ഭേദിച്ചേക്കാം.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നുരാവിലെ 18 കാരറ്റ് സ്വർണവില ഗ്രാമിന് 285 രൂപ ഉയർന്ന് 11,110 രൂപയായി. വെള്ളിവില ഗ്രാമിന് 15 രൂപ വർധിച്ച് 250 രൂപ. രാജ്യാന്തര വെള്ളിവിലയും കൂടുകയാണ്.
‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സിൽവർ ഇടിഎഫുകളും വീണ്ടെടുത്തുതുടങ്ങി. രാജ്യാന്തര വെള്ളിവില രാവിലെ ഔൺസിന് 6.05% മുന്നേറി 73.56 ഡോളറിലെത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 280 രൂപ ഉയർന്ന് 11,050 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 250 രൂപ.
















































