ടെഹ്റാൻ: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (IRGC) വക്താവ് അലി മുഹമ്മദ് നൈനി അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഗൾഫ് മേഖലയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ യുദ്ധത്തിനിടയിലാണ് സംഭവമെന്നാണ് വിവരം.
“അമേരിക്ക- സയോണിസ്റ്റ് പക്ഷത്തിൻ്റെ ആക്രമണത്തിൽ നയിനി വീരമൃത്യു വരിച്ചു” ഐആർജിസിയുടെ മേരി ന്യൂസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. മരണവാർത്ത പുറത്തുവന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ അമേരിക്കയെയും ഇസ്രയേലിനെയും വിമർശിച്ച നയിനി പ്രസ്താവന നടത്തിയിരുന്നു. “ശത്രുക്കൾക്കായുള്ള അത്ഭുതങ്ങൾ വരാനിരിക്കുന്നു, യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം യുദ്ധം തുടങ്ങി നാലാഴ്ചക്കിടെ ഇറാൻ്റെ സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാലാമത്തെ വലിയ തിരിച്ചടിയാണിത്. ഇതിനുമുമ്പ് ഇത് ഈ ആഴ്ച ഇറാൻ്റെ സൈനിക-രാഷ്ട്രീയ നേത്യത്വത്തിന് നേരിടേണ്ടി വന്ന നാലാമത്തെ വലിയ നഷ്ടമാണ്. അലി ലാരിജാനി, ഘോലാംറേസ സുലൈമാനി, ഇസ്മായിൽ ഖത്തീബ് എന്നിവർ അമേരിക്ക- ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഫെബ്രുവരി 28ന് ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു ഇസ്രയേൽ- യുഎസ്- ഇറാൻ യുദ്ധം ആരംഭിച്ചത്. അതേസമയം ഇറാൻ്റെ പാർസ് ഗ്യാസ് ഫീൽഡിനെതിരായ ആക്രമണവും തുടർന്ന് ഖത്തറിലെ റാസ് ലാഫാൻ എൽഎൻജി പ്ലാൻ്റിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ തിരിച്ചടിയും ഗൾഫ് മേഖലയിലെ ആശങ്കയും വർധിപ്പിച്ചിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ഇറാൻ ഖത്തറിൻ്റെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.














































