തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിൽ നേതാക്കൾക്കിടയിൽ തർക്കം. ബിജെപിയിൽ എത്തുന്നവർ തിരികെ പോകുന്നത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ചയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. കൊഴിഞ്ഞു പോകുന്നവരുമയി സമവായ ചർച്ച നടത്താൻ പോലും അധ്യക്ഷൻ നാട്ടിൽ ഇല്ലെന്ന് വിമർശനം. നേമം മണ്ഡലം ബിജെപിക്ക് നഷ്ടമാകുമെന്നും ബിജെപി നേതാക്കൾ പറയുന്നു. പല വിഷയങ്ങളിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ സംസ്ഥാന അധ്യക്ഷൻ നാട്ടിൽ ഉണ്ടാകാറില്ല. സംസ്ഥാനത്ത് അധ്യക്ഷൻ്റെ അസാന്നിധ്യം പാർട്ടിക്ക് ദോഷം ചെയ്യും. പാർട്ടി യോഗങ്ങൾ ചേരാത്തതിലും നേതാക്കൾക്ക് അതൃപ്ത്തിയുണ്ട്.
രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ച കേന്ദ്രത്തെ അറിയിക്കാനും ഒരു വിഭാഗം നേതാക്കൾ തയ്യാറെടുക്കുകയാണ്. നേമം മണ്ഡലം ബിജെപിക്ക് നഷ്ടമാകും. എംഎൽഎ മണ്ഡലത്തിൽ ഇല്ലാത്തതിൽ ജനങ്ങൾക്ക് അതൃപ്ത്തിയുണ്ട്. നേമത്ത് വികസനമുണ്ടങ്കിലും എംഎൽഎ ഇല്ലാത്തത് തിരിച്ചടിയാണ്. നേതാക്കൾക്ക് സംസ്ഥാന അധ്യക്ഷനെ കാണാൻ കിട്ടുന്നില്ലന്നും വിമർശനമുണ്ട്. പത്മജ വേണുഗോപാലിന്റെയും പത്മിനി തോമസിന്റെയും പാർട്ടിയിലേക്കുള്ള പുനഃപ്രവേശനത്തിൽ കോൺഗ്രസിനുള്ളിൽ കലഹം തുടരുകയാണ്. സംഘപരിവാറിനെ തള്ളിപ്പറയാതെയുള്ള ഫേസ്ബുക്ക് കുറിപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.
ഉപാധികളോടെ പാർട്ടി അംഗത്വം നനൽകേണ്ടെന്നാണ് മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നത്. പാർട്ടിയിലേക്ക് പ്രവേശനം നൽകിയാലും സ്ഥാനമാനങ്ങളോ ഉത്തരവാദിത്തങ്ങളോ നൽകേണ്ടതില്ലെന്നുമാണ് നിലപാട്. ബിജെപി പ്രവേശനം തെറ്റായിപ്പോയെന്നും അന്ന് താൻ എടുത്ത തീരുമാനം കെ. കരുണാകരനെയും തന്നെയും സ്നേഹിച്ച കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചുവെന്ന തിരിച്ചറിവിലാണ് തിരിച്ചുവരവിന് തയ്യാറായതെന്നും പത്മജ വ്യക്തമാക്കിയിരുന്നു. മടക്കം പദവി മോഹിച്ചല്ല. പല തലങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം തിരിച്ചറിയുന്നു. എന്‍റെ വാക്കുകള്‍ മുറിവേല്‍പ്പിച്ച എല്ലാവരോടും മാപ്പു ചോദിക്കുന്നതായും പത്മജ ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു.