പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ അവരുടെ സ്ഥാനാർഥിത്വത്തിൽ സഹോദരൻ ചാണ്ടി ഉമ്മന് അതൃപ്തിയെന്ന് റിപ്പോർട്ട്. ഒരു കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർഥി മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മറിയയ്ക്ക് മത്സരിക്കാൻ താൽപര്യമുണ്ടെങ്കിൽ പുതുപ്പള്ളിയിൽനിന്ന് മാറിക്കൊടുക്കാൻ തയ്യാറാണെന്നുമാണ് ചാണ്ടി ഉമ്മന്റെ നിലപാടെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ചാണ്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് പറയുന്നു.
ചെങ്ങന്നൂരിൽ മറിയ സ്ഥാനാർഥിയായേക്കുമെന്ന വാർത്തകൾ ശക്തമാണ്. ഇതിനിടെയാണ് ചാണ്ടി ഉമ്മൻ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം നിലവിൽ ഡൽഹിയിലുള്ള പ്രതിപക്ഷ നേതാവ് വിഡി. സതീശനെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരെയും ചാണ്ടി ഉമ്മൻ അറിയിച്ചെന്നാണ് വിവരം.
അതേസമയം ഇതാദ്യമായല്ല ചാണ്ടി ഉമ്മൻ ഈ നിലപാട് സ്വീകരിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങിയ സമയത്ത് മറിയയുടെ പേര് ഉയർന്നുവന്നപ്പോഴും സമാന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു കുടുംബത്തിൽനിന്ന് രണ്ടുപേർ മത്സരിക്കുന്നത് ശരിയല്ല. അത് ഉമ്മൻചാണ്ടിയുടെ ആദർശങ്ങൾക്ക് എതിരാണ്. മറിയയ്ക്ക് മത്സരിക്കാൻ താൽപര്യമുണ്ടെങ്കിൽ പുതുപ്പള്ളിയിൽനിന്ന് താൻ മാറിക്കൊടുക്കാമെന്നാണ് അന്നും ചാണ്ടി അറിയിച്ചിരിക്കുന്നത്.















































