ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഇപ്പോൾ സ്ഥിരം കേട്ടുവരുന്നയൊന്നാണ് ഹോർമൂസ് കടലിടുക്ക്. മധ്യപൂർവ്വേഷ്യയിലെ ഏറ്റവും തന്ത്രപ്രധാനമായ കടൽപ്പാതയായ ഈ കടലിടുക്കിലാണ് ലോകത്തെ വിചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഒരു ദ്വീപ് സ്ഥിതി ചെയ്യുന്നത്, ‘ഹോർമൂസ് ദ്വീപ്‘. ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഈ ദ്വീപിന്റെ പ്രത്യേകത അതിന്റെ ചുവന്ന മണൽതീരമാണ്.
സാധാരണയായി കടൽത്തീരങ്ങളിൽ കാണുന്ന വെളുത്ത അല്ലെങ്കിൽ മഞ്ഞ കലർന്ന നിറത്തോടുകൂടിയ മണലിനുപകരം ഇവിടുത്തെ മണലും പാറകളും തിളങ്ങുന്ന ചുവപ്പാണ്. ഹോർമൂസ് ദ്വീപിലെ മണ്ണിലും പാറകളിലും അയൺ ഓക്സൈഡ് (hematite) വലിയ അളവിൽ അടങ്ങിയിരിക്കുന്നു. ഇതാണ് മണ്ണിന് കടും ചുവപ്പ് നിറം നൽകുന്നത്.ഈ മണ്ണ് ഭക്ഷ്യയോഗ്യമാണെന്നതും ശ്രദ്ധേയം!
ഈ ദ്വീപിലെ ചുവന്ന മണ്ണിനെ പ്രദേശവാസികൾ ‘ഗെലാക്‘(Gelak) എന്നാണ് വിളിക്കുന്നത്. ഗെലാക് നേരിട്ട് ഭക്ഷിക്കുകയല്ല ചെയ്യുന്നത്. ശുദ്ധീകരിച്ച മണ്ണ് മസാലയ്ക്കോ പകരമായോ അല്ലെങ്കിൽ ഭക്ഷണ വിഭവങ്ങൾക്ക് നിറംപകരാനോ ആണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ‘സൂറാഖ്‘ (Sooragh) എന്ന സോസിലും ചില റൊട്ടി വിഭവങ്ങളിലും ഈ മണ്ണ് ചേർക്കാറുണ്ട്. ‘സൂറാഖ്‘ എന്ന മീൻ സോസ് ഉണ്ടാക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് തയാറാക്കുമ്പോൾ മത്തി (sardines), ഉപ്പ്, ഉണങ്ങിയ ഓറഞ്ച് തൊലി എന്നിവയ്‌ക്കൊപ്പം ഗെലാക്കും ചേർക്കുന്നു.
സ്ത്രീകൾ ആർത്തവചക്രം സമയത്ത് ശരീരത്തിലെ ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ചെറിയ അളവിൽ ഗെലാക്ക് കഴിക്കാറുണ്ട്. ഒപ്പം തുണിത്തരങ്ങൾക്ക് നിറം നൽകാനും മൺപാത്രനിർമ്മാണത്തിനും ഗെലാക്ക് പാരമ്പര്യമായി ഉപയോഗിക്കുന്നു. സൗന്ദര്യവർദ്ധക വസ്തുക്കൾ , വർണ്ണദ്രവ്യങ്ങൾ (Pigments), പരമ്പരാഗത കരകൗശല വസ്തുക്കൾ എന്നിവ നിർമ്മിക്കാനായി ഗെലാക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.
ചുവന്ന മണ്ണിലെ ഇരുമ്പ് അയിര് തീരത്ത് മാത്രമായി ഒതുങ്ങുന്നില്ല. തിരമാലകൾ ഈ ചുവന്ന മണലിലൂടെ ഒഴുകുമ്പോൾ, കടൽ വെള്ളം തന്നെ ചുവപ്പും പിങ്കും കലർന്ന നിറവുമായി മാറുന്നു. ഈ നിറങ്ങളും പേർഷ്യൻ ഗൾഫിലെ ശാന്തമായ ടർക്കോയ്സ് നിറവും തമ്മിലുള്ള വ്യത്യാസം അതിശയിപ്പിക്കുന്ന ഒരു ദൃശ്യവിരുന്നാണ് ഒരുക്കുന്നത്. ഈ പ്രതിഭാസം സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും കൂടുതൽ തീവ്രമാകും
ഇറാനിലെ ഹോർമുസ് ദ്വീപിലെ (Hormuz Island) നിവാസികൾ ‘ഗെലാക്ക്’ (Gelak) എന്ന് വിളിക്കുന്ന ചുവന്ന മണ്ണ്, ഇരുമ്പ് അയിര് (Iron oxide) ധാരാളമായി അടങ്ങിയ ഒന്നാണ്. ഇത് വളരെ തീവ്രമായ ചുവപ്പ് നിറമുള്ളതുകൊണ്ട്, ചർമ്മത്തിൽ പുരണ്ടാൽ ദിവസങ്ങളോളം നിറം നിൽക്കും. ഇതിലെ ഉയർന്ന ഇരുമ്പ് അംശം കാരണം, ചില മണൽത്തരികൾ കാന്തത്തോട് പ്രതികരിക്കാറുണ്ട്
മഴ പെയ്യുമ്പോൾ ദ്വീപിലെ മണ്ണ് ഒഴുകി കടലിലേക്ക് ചേർന്ന് തീരവും വെള്ളവുമെല്ലാം രക്തചുവപ്പായി മാറും. ഈ അപൂർവ കാഴ്ച കാണാൻ നിരവധി വിനോദസഞ്ചാരികളും ഫോട്ടോഗ്രാഫർമാരും ഇവിടെ എത്താറുണ്ട്.
ഇവിടെ ചുവപ്പ് നിറം മാത്രമല്ല കേട്ടോ താരം. ചുവപ്പിനൊപ്പം മഞ്ഞ, ഓറഞ്ച്, തവിട്ട് തുടങ്ങിയ നിരവധി നിറങ്ങളിലുള്ള മണ്ണും പാറകളും കാണപ്പെടുന്നു. ഭൂഗർഭശാസ്ത്രപരമായ വ്യത്യസ്ത ധാതുക്കളുടെ സാന്നിധ്യമാണ് ഈ നിറങ്ങൾക്ക് പിന്നിലെ രഹസ്യം.അതിനാൽ ഹോർമൂസ് ദ്വീപിനെ “റെയിൻബോ ഐലൻഡ്” എന്നും വിളിക്കുന്നു. ചുവന്ന മണൽതീരവും ഭക്ഷിക്കാവുന്ന മണ്ണും ഹോർമൂസ് ദ്വീപിനെ ഭൂമിയിലെ ഏറ്റവും വിചിത്രവും കൗതുകകരവുമായ പ്രകൃതി സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നു.















































