തിരുവനന്തപുരം ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയും കാമുകൻ ഫർമാൻ ഖാനും കേരളത്തിൽ വച്ച് വിവാഹിതരാകുന്നു. പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുക. മന്ത്രി വി.ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി എ.എ. റഹീമും വിവാഹത്തിൽ പങ്കെടുക്കും. പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് ഇരുവരും കേരളത്തിലെത്തിയത്.
രണ്ട് സ്വതന്ത്ര വ്യക്തികളെന്ന നിലയിൽ അവർ ഒന്നിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള ഫർമാൻ ഖാനും മധ്യപ്രദേശിൽ നിന്നുള്ള മൊണാലിസയ്ക്കും വിവാഹത്തിന് തിരഞ്ഞെടുക്കാൻ പറ്റുന്ന ഇന്ത്യയിലെ സ്ഥലം കേരളമാണെന്ന് അവർ തന്നെ വ്യക്തമാക്കിയെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള ബന്ധത്തെ യുവതിയുടെ കുടുംബം ശക്തമായി എതിർത്തതോടെയാണ് ഇരുവരും കേരളത്തിലെത്തിയത്. പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചിരുന്നതായി മൊണാലിസ തമ്പാനൂർ പൊലീസിനോട് പറഞ്ഞിരുന്നു. ഇരുവർക്കും നിയമസഹായം നൽകുമെന്നു പൊലീസും വ്യക്തമാക്കിയിരുന്നു.















































