ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ കുട്ടികളുടെ ഫോട്ടോ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച് ടെഹ്റാൻ ടൈംസ്. യുഎസിന്‍റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മിനാബിലെ സ്കൂളിലെ കുട്ടികളുടെ ചിത്രമാണ് പത്രം പുറത്തുവിട്ടത്. ‘ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ’ എന്ന തലക്കെട്ടിലാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ഇറാനെതിരായ ആക്രമണം സംബന്ധിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തെറ്റായ അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മുഖപ്രസംഗവും പത്രം പ്രസിദ്ധീകരിച്ചു. അതേസമയം മിനാബിലെ വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാനെ തന്നെ കുറ്റപ്പെടുത്തിയാണ് ട്രംപ് രംഗത്തെത്തിയത്.
ഫെബ്രുവരി 28 നാണ് മിനാബിൽ ആക്രമണം നടന്നത്. ടെഹ്‌റാനില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെ, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള മിനാബ് എന്ന ചെറുപട്ടണത്തിലെ ഷജറ ത്വയ്യിബ എലിമെന്ററി സ്‌കൂളാണ് തകര്‍ത്തത്. കുട്ടികള്‍ അടക്കം 160ലേറെ പേരാണ് കൊല്ലപ്പെട്ടത്. മക്കളെ സ്‌കൂളിലേക്കയച്ച മാതാപിതാക്കള്‍ തകര്‍ന്ന സ്‌കൂളിനു മുന്നില്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിഷേധം ഉയർന്നതോടെ ഇങ്ങനെയൊരു ആക്രമണം നടന്നതായി അറിയില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ആ മേഖലയില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് ഇസ്രായേലും പറഞ്ഞു. സ്‌കൂള്‍ ആക്രമിച്ച വിവരം അറിവിലില്ല എന്നാണ് വൈറ്റ് ഹൗസ് വക്താവ് കാരലിന്‍ ലീവിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അതോടെ പഴി ഇറാനുമേലായി. ഇറാന്റെ മിസൈല്‍ ലക്ഷ്യം തെറ്റിയാണ് സ്‌കൂള്‍ തകര്‍ന്നതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.














































