വാഷിങ്ടൺ: ഇറാനെ പൂർണമായും തകർത്താൽ തന്റെ ഭരണകൂടം അടുത്തതായി ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘അവിടെ സംഭവിക്കുന്നത് അത്ഭുതകരമാണ്. ഇത് (ഇറാൻ യുദ്ധം) ആദ്യം പൂർത്തിയാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അത് (ക്യൂബ) സമയത്തിന്റെ ഒരു പ്രശ്‌നം മാത്രമായിരിക്കും’ ട്രംപ് പറഞ്ഞു. മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി ഫുട്‌ബോൾ ക്ലബ്ബിന്റെ ആഘോഷ പരിപാടിയിൽ വൈറ്റ് ഹൗസിൽ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണമെത്തിയത്. നിങ്ങളും നിരവധി ആളുകളും ക്യൂബയിലേക്ക് മടങ്ങാൻ പോകുന്നുവെന്നും ട്രംപ് പറഞ്ഞു. മിയാമിയിലെ ക്യൂബൻ പാരമ്പര്യമുള്ളവരോടാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്താവന.
അതുപോലെ ക്യൂബ യുഎസുമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നൽകിയിരിക്കുന്നത്. വെനസ്വേലൻ പ്രസിഡന്റിനേയും ഭാര്യയേയും രായ്ക്കു രാമാനം പിടികൂടിയ ശേഷമായിരുന്നു ട്രംപ് ഇറാനെതിരെ തിരിഞ്ഞത്. അതുപൂർത്തിയായാലുടൻ ക്യൂബയ്ക്കുനേരെ തിരിയുമെന്ന സൂചനയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
അതേസമയം യുഎസും ഇസ്രായേലി സൈന്യവും ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് തുടരുകയാണെന്നും ട്രംപ് പറഞ്ഞു. കൂടാതെ ഇറാന്റെ സൈനിക ശേഷി വളരെയധികം തകർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘അവർക്ക് വ്യോമസേനയില്ല, വ്യോമ പ്രതിരോധവുമില്ല, ഇറാന്റെ നാവികസേന നശിപ്പിക്കപ്പെട്ടു’ ട്രംപ് പറഞ്ഞു. യുഎസ് മൂന്ന് ദിവസത്തിനുള്ളിൽ 24 കപ്പലുകൾ തുടച്ചുനീക്കി- ട്രംപ് പറഞ്ഞു.
ഇതിനിടെ യുദ്ധം അവസാനിപ്പിക്കാൻ ഇറാനിയൻ നേതാക്കൾ ഇപ്പോൾ ചർച്ചകൾ നടത്താൻ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ‘അവർ വിളിക്കുകയാണ്, നമ്മൾ എങ്ങനെ ഒരു കരാറിലെത്തുമെന്ന്’ അവർ ചോദിക്കുകയാണ്, ഞാൻ പറഞ്ഞു, നിങ്ങൾ അൽപ്പം വൈകിയിരിക്കുന്നു, ഇപ്പോൾ നമ്മൾ അവരേക്കാൾ കൂടുതൽ പോരാടാൻ ആഗ്രഹിക്കുന്നു’…

















































