തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ കൊലപാതകം ഒരു കുറ്റകൃത്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ. കടുത്ത കുറ്റകൃത്യത്തിന് മറുപടി നൽകാതെ പോവില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച അമേരിക്കൻ-സയണിസ്റ്റ് ശക്തികളെ ഇല്ലാതാക്കും.
“ഈ രക്തം വെറുതെയാകില്ല, ഇത് ഇസ്ലാമിക ലോകത്തിന്റെയും ഷിയാ ചരിത്രത്തിന്റെയും പുതിയൊരു അധ്യായം കുറിക്കും. അധിനിവേശ ശക്തികളെ വേരോടെ പിഴുതെറിയുന്ന ഒരു പോരാട്ടമായി ഇത് മാറും” – ഖമനേയിയുടെ ശുദ്ധരക്തം അമേരിക്കൻ-സയണിസ്റ്റ് അടിച്ചമർത്തലുകളും കുറ്റകൃത്യങ്ങളും തുടച്ചുനീക്കുക തന്നെ ചെയ്യും. പെസഷ്കിയാൻ പറഞ്ഞു.
ഖമനേയിടെ വധത്തിൽ ഉത്തരവാദികളായവർ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നമ്മുടെ എല്ലാ ശക്തിയും ദൃഢനിശ്ചയവും ഉപയോഗിച്ച് ഇസ്‍ലാമിക രാഷ്ട്രത്തിന്റേയും ലോകത്തിലെ സ്വതന്ത്രരായ ജനങ്ങളുടേയും പിന്തുണയോടെ ഈ മഹാകുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഖേദിപ്പിക്കുമെന്നും മസൂദ് പെസഷ്‍കിയാൻ പറഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ട വിവരം വിവിധ ഇറാനിയൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
ഖമനേയിയുടെ മരണത്തിൽ ഏഴ് ദിവസത്തെ അവധി ഇറാൻ സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടത്തും. ഖാംനഈയുടെ മരണം സ്ഥിരീകരിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇറാൻ മാധ്യമങ്ങൾ തയാറായിട്ടില്ല.


















































