വാഷിംഗ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫെബ്രുവരി 28ന് ഇസ്രായേൽ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ അമേരിക്കൻ, ഇറാനിയൻ പ്രതിനിധികൾ തമ്മിൽ നിർണായക ചർച്ചകൾ നടക്കുന്നതിനിടെയാണ് റൂബിയോയുടെ ഈ സന്ദർശനം. ജനീവയിൽ നടക്കുന്ന ചർച്ചകളുടെ വിവരങ്ങൾ നെതന്യാഹുവിനെ അറിയിക്കുകയാണ് റൂബിയോയുടെ സന്ദർശന ലക്ഷ്യമെന്നാണ് സൂചന.
അതേസമയം, ഇറാനുമായുള്ള ജനീവ ചർച്ചയിൽ ചെറിയ പുരോഗതിയുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു എന്നാൽ പല പ്രധാന വിഷയങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
‘ചർച്ചയിൽ ചെറിയ പുരോഗതിയുണ്ട്. പക്ഷേ, ചില കാര്യങ്ങളിൽ ഞങ്ങൾ ഇപ്പോഴും രണ്ട് തട്ടിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാൻ കൃത്യമായ മറുപടി നൽകുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റ് ട്രംപ് കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.’ പ്രസ് സെക്രട്ടറി പറഞ്ഞു.
















































