കണ്ണൂര്‍: വിവാഹബന്ധം വേർപെടുത്തിയ യുവതി ഭർത്താവിന് നഷ്ടപരിഹാരമായി 7,22,212 രൂപ നൽകാൻ കുടുംബ കോടതി ഉത്തരവ്. മുസ്‌ലിം നിയമപ്രകാരം ഖുൽ-അ ചെയ്ത് വിവാഹബന്ധം വേർപെടുത്തിയ ഭാര്യയാണ് ഭർത്താവിന് നഷ്ടപരിഹാരം നൽകേണ്ടത്. വിവാഹസമയത്ത് ഭർത്താവ് നൽകിയ സ്വർണാഭരണങ്ങളോ അല്ലെങ്കിൽ അതിന്റെ വിലയോ തിരിച്ചുനൽകണമെന്നും കണ്ണൂർ കുടുംബ കോടതി ജഡ്ജി ആർ.എൽ. ബൈജു ഉത്തരവിട്ടു.
മഹർ ഉൾപ്പെടെ 75.524 ഗ്രാം സ്വർണമോ അല്ലെങ്കിൽ 7,22,212 രൂപയോ നൽകണമെന്നാണ് ഉത്തരവ്. 2022 ജൂൺ 17 നാണ് ചാല സ്വദേശിയായ ഹർജിക്കാരൻ പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹസമയത്ത് ന്യൂസീലൻഡിൽ ജോലിചെയ്യുകയായിരുന്നു യുവാവ്. വിവാഹശേഷം ഭാര്യയെ ന്യൂസീലൻഡിലേക്ക് കൊണ്ടുപോകാൻ എല്ലാ ഒരുക്കങ്ങളും ചെയ്ത് വിമാന ടിക്കറ്റുകൾ ഉൾപ്പെടെ എടുത്തു.
എന്നാൽ യുവതി പോകാൻ വിസമ്മതിച്ചു. ഇതോടെ യുവാവ് പ്രതിസന്ധിയിലായി. പിന്നീട് ഖുൽ-അ നിയമപ്രകാരം യുവതി വിവാഹബന്ധം വേർപെടുത്തിയതായി അറിയിക്കുകയായിരുന്നു എന്നാണ് പരാതി. വിവാഹബന്ധം വേർപെടുത്തിയശേഷം യുവതി മറ്റൊരാളെ വിവാഹം ചെയ്തു. തുടർന്ന് യുവാവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.

















































