BREAKING NEWS

ചാല സ്വർണക്കവർച്ച: നഷ്ടപ്പെട്ടത് 15 പവനെന്ന് മൊഴി, കണ്ടെടുത്തത് 202 പവൻ!! ; 146 പവൻ കുഴിച്ചിട്ട നിലയിൽ, 56 പവൻ വാഹനത്തിൽ; ഏഴുപേരെ ചോദ്യം ചെയ്യുന്നു

· · 1 min read
Share: Copied!

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ 202 പവൻ സ്വർണം കണ്ടെടുത്തു. ഇതിൽ 146 പവൻ വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ബാക്കി 56 പവൻ വയനാട്ടിൽനിന്ന് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തിൽനിന്നും അന്വേഷണസംഘം കണ്ടെടുത്തു.

അതേസമയം, ചാലയിലെ മാളവിക ജൂവലറി ഉടമ ജയറാമിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മറ്റ് ചില സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ്. സ്വർണക്കവർച്ചയിൽ ഇയാൾക്കുള്ള പങ്കും പോലീസ് അന്വേഷിച്ചുവരികയാണ്.

സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ജൂവലറികൾ തമ്മിലുള്ള ബിസിനസ് കുടിപ്പകയാണെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതാണ് മാളവിക ജൂവലറി ഉടമ ജയറാമിലേക്കും എത്തിയത്. വൈഷ്ണവി ജൂവലറി ഉടമ നന്ദകുമാറിനെ സാമ്പത്തികമായി തകർക്കാൻ ചാലയിലെ മറ്റ് ജൂവലറി ഉടമകൾ ചേർന്ന് ക്വട്ടേഷൻ നൽകി കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ക്വട്ടേഷൻ സംഘത്തിന് മുൻകൂറായി നാലുലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു.

നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിൽ അസൂയാലുക്കളായ സമീപത്തെ ജൂവലറി ഉടമയും പ്രധാന പ്രതിയുമായ മഹാരാഷ്ട്ര സ്വദേശി അമൂലും കൂട്ടുപ്രതി ദിലീപും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്. നഗരത്തിലെ ഒരു ബാറിലിരുന്നായിരുന്നു ആദ്യഘട്ട ഗൂഢാലോചന. ക്രിമിനൽ കേസുകളിൽ പ്രതിയായ അനിലിനാണ് ക്വട്ടേഷൻ നൽകിയത്. വലിയ അളവിൽ സ്വർണം നഷ്ടപ്പെട്ടാൽ നന്ദകുമാറിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കണക്കിൽപ്പെടാത്ത സ്വർണമായതിനാൽ പോലീസിൽ പരാതി നൽകില്ലെന്നുമായിരുന്നു പ്രതികളുടെ കണക്കുകൂട്ടൽ. ക്വട്ടേഷൻ ഏറ്റെടുത്ത അനിലിന്റെ സംഘാംഗമായ അനൂപ് രാജിന് അമൂലിന്റെ ബാങ്ക് അക്കൗണ്ട് വഴി നാലുലക്ഷം രൂപ മുൻകൂറായി കൈമാറി.

നന്ദകുമാർ കടയിൽനിന്ന് പുറത്തിറങ്ങാൻ വൈകിയതോടെ കവർച്ചയ്ക്കുള്ള ആദ്യശ്രമം പരാജയപ്പെട്ടു. കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സ്ഥലത്തെത്തി റിഹേഴ്‌സലും നടത്തിയിരുന്നു. 12-ന് രാത്രി കടയടച്ചശേഷം സ്വർണമടങ്ങിയ ബാഗുമായി വലിയശാലയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന നന്ദകുമാറിനെ സഭാവതി കോവിൽ റോഡിൽവെച്ച് ബൈക്കിലെത്തിയ അനിലും അനൂപും ആക്രമിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു.

കവർച്ച നടന്ന ദിവസം രാവിലെ അമൂൽ നന്ദകുമാറിന്റെ കടയിലെത്തി 15 ലക്ഷം രൂപയുടെ സ്വർണം വിറ്റ് പണം വാങ്ങിയിരുന്നു. രാത്രിയിൽ ഈ സ്വർണം ഉൾപ്പെടെ രണ്ടുകിലോഗ്രാം സ്വർണമാണ് കവർച്ചാസംഘം തട്ടിയെടുത്തത്. ഇതിനിടെ തന്റെ സ്വർണം തിരികെ നൽകണമെന്ന് അമൂൽ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിന് പിന്നാലെ 48 മണിക്കൂറിനുള്ളിൽ പ്രതികളെല്ലാം പോലീസിന്റെ പിടിയിലായി.

അനിൽ, അനൂപ്, വിനോദ് എന്നിവരെ വയനാട്ടിൽനിന്നും ഗൂഢാലോചന നടത്തിയ അമൂലിനെയും ദിലീപിനെയും തിരുവനന്തപുരത്തുനിന്നുമാണ് പിടികൂടിയത്. വയനാട്ടിൽനിന്ന് രക്ഷപ്പെട്ട മറ്റൊരു പ്രതിയായ ശ്രാവണിനെയും പിന്നീട് പോലീസ് പിടികൂടി. ജയറാം ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലുള്ള ഏഴുപേരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കവർച്ചയ്ക്കുപിന്നാലെ വൈഷ്ണവി ജൂവലറി ഉടമ പോലീസിനോട് ആദ്യം പറഞ്ഞത് 1.800 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടെന്നായിരുന്നു. എന്നാൽ എഫ്.ഐ.ആറിൽ രണ്ടുകിലോഗ്രാം സ്വർണം നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി. പിന്നീട് നന്ദകുമാർ നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് വീണ്ടും തിരുത്തി. 15 പവൻ മാത്രമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പിന്നീട് നൽകിയ വിശദീകരണം. എന്നാൽ ഇതിനകം 202 പവനോളം സ്വർണം പോലീസ് കണ്ടെടുത്തിട്ടുണ്ട്.

BREAKING NEWS
‘ഡേർട്ടി ബോംബ്’, രാസായുധം; വാഷിങ്ടണിൽ റേഡിയോ ആക്ടീവ് ബോംബ് ആക്രമണത്തിന് ഇറാൻ നീക്കമിടുന്നതായി റിപ്പോർട്ട്; ലക്ഷ്യം യുഎസ് ഉന്നതർ
17 Nov 2026
BREAKING NEWS
ജപ്തിക്കിടെ ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം; 400 പേർക്കെതിരെ കേസ്; ജില്ലയ്ക്ക് പുറത്തുനിന്ന് ആളുകൾ പങ്കെടുത്തിട്ടുണ്ടോയെന്നതിലും അന്വേഷണം; ഉദ്യോഗസ്ഥർക്കെതിരെ ആർബിഐക്കും പരാതി
17 Nov 2026
BREAKING NEWS
താഴെ വീണ് സ്വർണ്ണം; റെക്കോർഡ് കുതിപ്പിനുശേഷം വിലയിൽ വൻ വീഴ്ച; വിപണി തിരുത്തലിൽ; വിലയിടിവ് ഉപഭോക്താക്കൾക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് വെല്ലുവിളി
17 Nov 2026
BREAKING NEWS
മൂന്നുപേരില്‍ നിന്നായി 19.5 ലക്ഷം രൂപയാണ് ജയറാം തട്ടി, ഷോപ്പിലെത്തിയ പരാതിക്കാരെ കയ്യേറ്റം ചെയ്തു, കൂടാതെ അസഭ്യ വര്‍ഷവും, ചാല സ്വര്‍ണക്കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ ജയറാമിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍
17 Nov 2026