ന്യൂഡൽഹി: സമ്മതത്തോടെയുള്ള ബന്ധം പിന്നീട് വിരോധത്തിലേക്ക് മാറുമ്പോൾ ക്രിമിനൽ നീതി സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത ആശങ്കാജനകമാണെന്ന് സുപ്രീം കോടതി. വിവാഹിതയായ സ്ത്രീക്ക് മറ്റൊരു പുരുഷനുമായി ഉണ്ടായ ശാരീരികബന്ധം ‘വിവാഹവാഗ്ദാനം’ എന്ന പേരിൽ ബലാത്സംഗ കേസാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്. വിവാഹബന്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ത്രീയ്ക്ക് നിയമപരമായി വീണ്ടും വിവാഹം കഴിക്കാൻ അർഹതയില്ലാത്തതിനാൽ, ‘വ്യാജ വിവാഹവാഗ്ദാനം’ എന്ന അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റം ആരോപിക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒരു വനിതാ അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റൊരു അഭിഭാഷകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ഈ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. പരാതിക്കാരി ബന്ധം ഉണ്ടായിരുന്ന കാലയളവിൽ തന്നെ വിവാഹിതയാണെന്ന വസ്തുത പരിഗണിച്ച്, ഇത് “സമ്മതത്തോടെയുള്ള ബന്ധം പിന്നീട് വഷളായ ക്ലാസിക് കേസ്” ആണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
“ ഒരു വാദത്തിനായി പോലും വിവാഹവാഗ്ദാനം ഉണ്ടായിരുന്നുവെന്ന് അംഗീകരിച്ചാലും, അത്തരം വാഗ്ദാനം നിയമപരമായി നടപ്പാക്കാനോ പ്രാബല്യത്തിലാക്കാനോ കഴിയുന്നതല്ല. ഹിന്ദു വിവാഹ നിയമം, 1955-ലെ സെക്ഷൻ 5(i) പ്രകാരം ജീവനുള്ള പങ്കാളിയുള്ളവർ തമ്മിലുള്ള വിവാഹം നിരോധിച്ചിരിക്കുന്നു,” കോടതി പറഞ്ഞു.
നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ യഥാർത്ഥ ബലാത്സംഗ കേസുകൾ തിരിച്ചറിയുന്നതിൽ കോടതികൾ അത്യന്തം ജാഗ്രത പുലർത്തണമെന്നും, കുറ്റം സ്ഥാപിക്കാൻ ആവശ്യമായ അവശ്യ ഘടകങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.















































