പാലക്കാട്: ഒറ്റപ്പെടുത്തലും വേട്ടയാടലും മാത്രമാണ് ഉണ്ടായത്. താൻ കോൺഗ്രസിലെത്തിയതിൻറെ ഉത്തരവാദി കെ. സുരേന്ദ്രനാണെന്ന് സന്ദീപ് വാര്യർ. കേരളത്തിലെ സിപിഎമ്മും മുഖ്യമന്ത്രിയുമായി ചേർന്ന് നടത്തുന്ന സഹകരണ രാഷ്ട്രീയത്തിനെതിരെ നിലപാട് എടുത്തുവെന്നാണ് താൻ ചെയ്ത കുറ്റം. കരുവന്നൂരും കൊടകരയും പരസ്പരം വച്ചുമാറുന്നുവെന്നതിനെ എതിർത്തുവെന്നാണ് താൻ ചെയ്ത കുറ്റം. ധർമരാജൻറെ കോൾ ലിസ്റ്റിൽ പേരില്ല എന്നാതാണ് താൻ ചെയ്ത കുറ്റമെന്നും സന്ദീപ്. കോൺഗ്രസ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സന്ദീപിൻറെ പ്രതികരണം.
അതുകൊണ്ട് ആ കുറ്റങ്ങൾ ഒരു കുറവാണെങ്കിൽ ആ കുറവ് അംഗീകരിച്ചുകൊണ്ട് സ്നേഹത്തിൻറെ കടയിൽ ഒരു മെമ്പർഷിപ്പ് എടുക്കാനാണ് താൻ തീരുമാനിച്ചത്. വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ ഇത്രയും കാലം ജോലി ചെയ്തുവെന്ന ജാള്യതയാണ് തനിക്കിപ്പോളെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
ബിജെപിയിൽ ചവിട്ടി മെതിക്കപ്പെട്ടു. വെറുപ്പ് ഉത്പാദിപ്പിക്കുന്നിടത്ത് സ്നേഹവും കരുതലും പ്രതീക്ഷിച്ചതാണ് തെറ്റ്. അതിനാൽ സ്നേഹത്തിൻറെ കടയിൽ അംഗത്വം എടുക്കുന്നുവെന്നും സന്ദീപ് വാര്യർ പറഞ്ഞു.
വെറുപ്പിൻറെ രാഷ്ട്രീയം വിട്ടതിൻറെ ആഹ്ലാദത്തിലാണിപ്പോൾ. സ്നേഹത്തിൻറെയും സാഹോദര്യത്തിൻറെയും ഒരു താങ്ങ് നമ്മൾ പ്രവർത്തിക്കുന്ന സംഘടനയിൽനിന്നും പ്രതീക്ഷിക്കും. എല്ലാ ദിവസവും വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന ഒരു സ്ഥലത്തുനിന്നും ഏറെ കാലം സ്നേഹവും കരുതലും പ്രതീക്ഷിച്ചതാണ് താൻ ചെയ്ത തെറ്റ്.
ഒരു സംഘടനയിൽപ്പെട്ട സഹപ്രവർത്തകൻ എന്ന നിലയിൽ താൻ പ്രതീക്ഷിച്ച പിന്തുണ, സ്നേഹം, കരുതൽ ലഭിക്കാതെ ഒരു സിസ്റ്റത്തിൽ പെട്ടുപോയ അവസ്ഥയിലായിരുന്നു താൻ. ജനാധിപത്യത്തെ പാടെ മതിക്കാത്ത ഒരു സിസ്റ്റത്തിൽ വിർപ്പുമുട്ടി കഴിയുകയായിരുന്നു. സ്വന്തം അഭിപ്രായം പറയാനോ വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ ഒരു നിലപാട് പറയാനോ സ്വാതന്ത്ര്യം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടയാളാണ് താൻ. ഒരു ഘട്ടത്തിലും താൻ സംഘടനയെ തള്ളി പറഞ്ഞിട്ടില്ലെന്നും ആ സംഘടനയ്ക്കു വേണ്ടി സംസാരിച്ചിരുന്നുവെന്നും സന്ദീപ് കൂട്ടിച്ചേർത്തു.