ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൻപുരിൽനിന്ന് നാലു മാസം മുൻപ് കാണാതായ യുവതിയെ ജിം പരിശീലകൻ കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമയെ അനുകരിച്ച്. മൃതദേഹം കുഴിച്ചിട്ടത് ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതർ താമസിക്കുന്ന മേഖലയിൽ. ജിം പരിശീലകനായ വിമൽ സോണിയാണ് ബിസിനസുകാരന്റെ ഭാര്യയായ ഏക്ത ഗുപ്തയെ (32) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഫോൺ രേഖകളിൽനിന്ന് ലഭിച്ച തെളിവുകളാണ് അറസ്റ്റിലേക്ക് നയിച്ചത്. വിഐപി മേഖലയിൽ ആരും അറിയാതെ മൃതദേഹം കുഴിച്ചിട്ടത് പൊലീസിനെയും അതിശയിപ്പിച്ചു.
യുവതിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ ജൂൺ 24 മുതൽ അന്വേഷണം നടക്കുകയായിരുന്നു. ജിം പരിശീലകനായ വിമൽ സോണിയുമായി യുവതി അടുപ്പത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും അടുത്തത്. വിമലിന്റെ വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഒരു ദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിമൽ കാറിൽ പുറത്തേക്ക് പോയി. തർക്കത്തിനിടെ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ വിമലിനെ കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടതായി പൊലീസ് പറഞ്ഞു. പൊലീസ് പിടിക്കാതിരിക്കാനാണ് വിഐപി മേഖലയിൽ മൃതദേഹം കുഴിച്ചിട്ടതെന്നു വിമൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. വിഐപികൾ താമസിക്കുന്ന സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടത് പൊലീസിനെയും ഞെട്ടിച്ചു. ഇവിടെയുള്ള ഓരോ വീടുകളിലും സുരക്ഷാ ഉദ്യോഗസ്ഥനും സിസിടിവി ക്യാമറകളുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എല്ലാവരുടെയും കണ്ണു വെട്ടിച്ചാണ് കാറിൽ ഇവിടെയെത്തി അഞ്ചു മണിക്കൂറോളം സമയമെടുത്ത് വിമൽ മൃതദേഹം കുഴിച്ചിട്ടത്. സുരക്ഷാ വീഴ്ചയെ തുടർന്ന് പൊലീസിനെതിരെ വിമർശനം ഉയരുന്നുണ്ട്. മലയാള സിനിമയായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പും വലിയ വിജയമായിരുന്നു.
UP Woman Went Missing 4 Months Ago. Her Body Was Found In Kanpur’s VVIP Area
Crime News India News Murder