ദുൽഖർ സൽമാൻ- വെങ്കി അറ്റ്ലൂരി ചിത്രം ലക്കി ഭാസ്കർ ട്രൈലെർ പുറത്ത്

തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ട്രൈലെർ പുറത്ത്. ദീപാവലി റിലീസായി ഒക്ടോബർ 31 ന് റിലീസ് ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.


“സാധാരണക്കാരന്റെ അസാധാരണ യാത്ര” എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന ലക്കി ഭാസ്കർ, മിഡിൽ ക്ലാസുകാരനായ ഭാസ്കർ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാവുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാൻ തയ്യാറുള്ള ഭാസ്കർ കുമാറിൻ്റെ ലോകത്തേക്കുള്ള ഒരു നേർക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്നത്. ഒരു നല്ല മനുഷ്യനോ ചീത്ത മനുഷ്യനോ എന്നതിലുപരി, ഓരോ ശ്വാസത്തിൽ പോലും ബഹുമാനിക്കപ്പെടുന്ന ഒരു സമ്പന്നനായി മാറാനാണ് ഭാസ്കർ ആഗ്രഹിക്കുന്നത്. അത്തരമൊരു ചെറിയ നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രത്തെയാണ് ദുൽഖർ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്.

തന്റെ കണ്ണുകളിലൂടെയും ശരീര ഭാഷയിലൂടെയും ഈ കഥാപാത്രത്തിന്റെ അത്യാഗ്രഹം, സ്നേഹം, ഭയം, അഹങ്കാരം, ആത്മവിശ്വാസം, തുടങ്ങി എല്ലാ വികാരങ്ങളും പുറത്ത് കൊണ്ട് വരാൻ ദുൽഖർ സൽമാൻ എന്ന നടന് സാധിച്ചിട്ടുണ്ട് എന്ന് ട്രൈലെർ കാണിച്ചു തരുന്നു. ഒരു കഥാപാത്രകേന്ദ്രീകൃത ചിത്രത്തിൽ, രചയിതാവ് വിഭാവനം ചെയ്തത് കൃത്യമായി തന്നെ ചെയ്ത് ഫലിപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്. ട്രെയിലറിലെ മികച്ച സംഭാഷണങ്ങളിലൂടെ രചയിതാവും സംവിധായകനുമായ വെങ്കി അറ്റ്ലൂരിയും പ്രേക്ഷക ശ്രദ്ധ നേടുന്നു. സുമതി എന്ന കഥാപാത്രമായി നായിക മീനാക്ഷി ചൌധരി തൻ്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ദുൽഖർ സൽമാനുമൊത്തുള്ള രംഗങ്ങളിൽ മികച്ച അനുഭവം സമ്മാനിക്കുന്നുമുണ്ട്.

തൻറെ അതിശയകരമായ ദൃശ്യങ്ങൾ കൊണ്ട് 80കളുടെയും 90കളുടെയും ബോംബെയിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്ന ഛായാഗ്രാഹകൻ നിമിഷ് രവിയും ബ്രഹ്മാണ്ഡ സെറ്റുകളിലൂടെ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്‌ളാനും കയ്യടി നേടുന്നു. സംഗീതസംവിധായകൻ ജി. വി. പ്രകാശ് കുമാറിൻ്റെ ഗംഭീര പശ്ചാത്തല സംഗീതമാണ് ട്രൈലറിന്റെ മറ്റൊരു മികവ്. എഡിറ്റിംഗ് നവീൻ നൂലി. ഒക്ടോബർ 31 ന് തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പിആർഒ- ശബരി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7