കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില പുതിയ റെക്കോഡിലേക്ക് കുതിച്ചു. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് 55,840 രൂപയായാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. ഗ്രാമിന് 20 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 6980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7,000 രൂപയെന്ന നാഴികക്കല്ല് ഭേദിക്കാൻ ഇനി വെറും 20 രൂപയുടെ അകലം മാത്രം. പവന് ഇന്ന് 160 രൂപ ഉയർന്ന് വില 55,840 രൂപയായി. സെപ്റ്റബർ 21 രേഖപ്പെടുത്തിയ ഗ്രാമിന് 6,960 രൂപയും പവന് 55,680 രൂപയും എന്ന റെക്കോർഡ് പഴങ്കഥയായി. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് പവന് 1,240 രൂപയും ഗ്രാമിന് 155 രൂപയുമാണ് കൂടിയത്. അന്താരാഷ്ടതലത്തിൽ വില റെക്കോർഡ് ഉയരത്തിൽ നിൽക്കുന്നതിനാൽ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കാനുള്ള സാധ്യത നിരീക്ഷകർ കാണുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ വിലയിടിയും. കേരളത്തിലെ വിലയും കുറയും.
ഒരു പവൻ വാങ്ങണമെങ്കിൽ എത്ര നൽകണം..?
ഇന്നത്തെ സ്വർണവിലയും അതിൻ്റെ മൂന്ന് ശതമാനം ജിഎസ്ടി, കൂടെ 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ കേരളത്തിൽ സ്വർണാഭരണ വിലയാകൂ. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണത്തിന് നൽകേണ്ട വില 60,445 രൂപ. ഒരു ഗ്രാം ആഭരണത്തിന് 7,555 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ രൂപകൽപനയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് പൂജ്യം മുതൽ 20-30% വരെയെക്കെയാകാം.
അതേസമയം 18 ഗ്രാം സ്വർണ വില ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് 5,785 രൂപയിലെത്തി. ഇതും റെക്കോർഡാണ്. വെള്ളി വില ഗ്രാമിന് 96 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
ഔൺസിന് 2,631 ഡോളർ എന്ന പുതിയ ഉയരം കീഴടക്കിയ രാജ്യാന്തര വില നിലവിലുള്ളത് 2,629 ഡോളറിൽ. ഗോൾഡ് ഇടിഎഫ് അടക്കം സ്വർണ നിക്ഷേപ പദ്ധതികൾക്ക് ലഭിക്കുന്ന സ്വീകാര്യത, ഇന്ത്യയടക്കം മുൻനിര ഉപഭോഗ രാജ്യങ്ങളിൽ സ്വർണാഭരണ ഡിമാൻഡിലെ വർധന, റിസർവ് ബാങ്ക് അടക്കം ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണത എന്നിവയാണ് വില വർധനയ്ക്ക് ആക്കംകൂട്ടുന്നത്.
അടിസ്ഥാന പലിശനിരക്ക് കുറച്ചതിനെ തുടർന്ന് അമേരിക്കൻ ഡോളറും കടപ്പത്രങ്ങളും അനാകർഷകമായതാണ് സ്വർണ വിലക്കുതിപ്പിന് വളംവച്ചത്. മധ്യേഷ്യയിൽ ഇസ്രയേൽ-ഹിസ്ബുള്ള പോര് കനക്കുന്നതും സ്വർണ വിലയ്ക്ക് മുന്നേറാനുള്ള അനുകൂല ഘടകമാണ്.
രാജ്യാന്തര വില 2,570 ഡോളർ വരെ താഴ്ന്നേക്കാമെന്നാണ് വിലയിരുത്തൽ. അതായത്, കേരളത്തിൽ പവൻ വില 55,000 രൂപയ്ക്ക് താഴെയെത്താം. എന്നാൽ, ലാഭമെടുത്തുള്ള പിന്മാറ്റം ശക്തമല്ലെങ്കിൽ സ്വർണ വില റെക്കോർഡ് മുന്നേറ്റം തുടരുക തന്നെ ചെയ്യും. അങ്ങനെയെങ്കിൽ ഉടൻ പ്രതീക്ഷിക്കുന്ന പ്രതിരോധ നിരക്ക് 2,700 ഡോളറാണ്.
അതായത്, കേരളത്തിലെ വില 56,000 രൂപയും കടന്ന് കുതിച്ചേക്കാമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
Kerala gold price hit a new record high! The international gold price reached a new high of $2631 per ounce and currently stands at $2629.
Gold Gold Price Today Silver Business News Kerala Gold Rate Today 23rd Sep 2024 gold rate hiked kerala gold rate