തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ വീണ്ടും പി.വി. അൻവർ എംഎൽഎ. പി.ശശിക്കെതിരെ വിശദമായ പരാതി നല്‍കുമെന്നാണ് അൻവറിന്റെ പ്രഖ്യാപനം. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി തന്നെയാണ്. പി.ശശിയെ നിയമിച്ചത് പിണറായി തനിച്ചല്ലെന്നും അൻവർ പറഞ്ഞു.
‘‘ഞാൻ പറഞ്ഞതെല്ലാം ശരി, എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാൻ പറ്റില്ലല്ലോ. അന്വേഷണം നടക്കണ്ടേ. നേരെ നമുക്ക് അപ്സ്റ്റയറിലേക്ക് കാലെടുത്ത് വയ്ക്കാൻ പറ്റില്ലല്ലോ. പടികൾ മുഴുവൻ കയറിയാലേ അപ്സ്റ്റയറിലേക്ക് കയറാൻ പറ്റുകയുള്ളൂ. ഇനി ഞാൻ പുറത്തു പറയാൻ പോകുന്നത് ഈ സർക്കാരിനെയും പാർട്ടിയേയും അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളാണ്. പൊലീസിന്റെ സീക്രട്ട് റിപ്പോർട്ടുകൾ എന്റെ പക്കലുണ്ട്. ഇതൊന്നും ആഭ്യന്തര മന്ത്രിയിലേക്ക് എത്തിയിട്ടില്ല’’ – അൻവർ പറഞ്ഞു.
‘‘പി.ശശിക്കെതിരായല്ല പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായാണ് താൻ പരാതി നൽകുക. പൊളിറ്റിക്കൽ സെക്രട്ടറി ഉത്തരവാദിത്തം നിർവഹിച്ചിട്ടില്ല. സൂചന തെളിവുകളടക്കം പാർട്ടി സെക്രട്ടറിക്ക് പരാതി നൽകും. ഈ സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് മുഴുവൻ ഒരു വിഭാഗം പൊലീസാണ്. അതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. ഇതൊന്നും പൊളിറ്റിക്കൽ സെക്രട്ടറി മാനേജ് ചെയ്തിട്ടില്ല. അദ്ദേഹം വലിയ പരാജയമാണ്. പൊളിറ്റിക്കൽ സെക്രട്ടറിയുടെ പോസ്റ്റിങ് നടത്തുന്നത് മുഖ്യമന്ത്രി തനിച്ചല്ല’’ – അൻവർ പറഞ്ഞു.
‘‘എഡിജിപി അജിത്കുമാറിനെ മാറ്റുമെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നു. മലപ്പുറം പൊലീസിലെ അഴിച്ചുപണി കൃത്യമായ നടപടിയാണ്. ഇതു തുടക്കമാണ്. നേതാവായ എഡിജിപിയിലേക്ക് എത്തും. എഡിജിപിയെ പരാമർശിക്കാത്ത മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടിട്ടില്ല.’’ – അൻവർ വ്യക്തമാക്കി.