പത്തനംതിട്ടയില്‍ സ്വാമിക്ക് ശരണംവിളിച്ച് മോദി: വികസനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവിഴ്ചക്കും തയ്യാറല്ലെന്നും പ്രധാനമന്ത്രി

അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി

പത്തനംതിട്ട: കേരളത്തിലെ ജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാവാനാണ് തന്റെ സർക്കാർ ശ്രമിക്കുന്നതെന്നും വികസനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവിഴ്ചക്കും കേന്ദ്ര സർക്കാർ തയാറല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിൽ എൻ.ഡി.എ സ്ഥാനാർഥികളായ അനിൽ കെ. ആന്റണി, ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), ബൈജു കലാശാല(മാവേലിക്കര), തുഷാർ വെള്ളാപ്പള്ളി (കോട്ടയം) തുടങ്ങിയവരുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിൽ 35,0000 കുടുംബങ്ങൾക്ക് ജൽ ജീവൻ മിഷൻ പദ്ധതിപ്രകാരം പൈപ്പ് കണക്ഷൻ നൽകാനായി. ജില്ലയിൽ മാത്രം അഞ്ച് ലക്ഷം ആളുകൾക്ക് ഗരീബ് കല്യാൺ റേഷൻ പദ്ധതി പ്രകാരം റേഷൻ കടകൾവഴി ധാന്യം വിതരണം ചെയ്തു വരുന്നതായും 350 കോടിരൂപ പി.എം കിസാൻ സമ്മാൻ നിധി യോജനയിലൂടെ കർഷകർക്ക് ലഭ്യമാക്കിയതായും അദ്ദേഹം പറഞ്ഞു. ജില്ലയിൽ 12000 സ്ത്രീകൾക്ക് ഉജ്വൽ യോജന പദ്ധതിപ്രകാരം ഗ്യാസ് കണക്ഷൻ ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഒന്നരലക്ഷത്തോളം കർഷകർക്ക് വളർത്തു മൃഗങ്ങളുടെ വാക്സിനേഷൻ ലഭ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.

സ്വാമിയേ ശരണമയ്യപ്പാ, പത്തനംതിട്ടയിലെ എന്റെ സഹോദരീ- സഹാദരന്മാരെ എല്ലാവർക്കും എന്റെ നമസ്കാരം എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്താണ് മോഡി പ്രസംഗം ആരംഭിച്ചത്. പത്തനംതിട്ടയിലെ സ്ഥാനാർഥി അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളെയാണ് ഇന്ന് കേരളത്തിന് ആവശ്യം. ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന റബർ കർഷകരെ കേരളം മാറി മാറി ഭരിക്കുന്ന ഇരുമുന്നണികളും കമ്പളിപ്പിക്കുകയാണെന്നും ബിജെപിക്ക് കേരളത്തിൽ നിന്നുള്ള എംപിമാർ ഉണ്ടായാൽ കേരളത്തിന് സമ്പൂർണ വിജയം സാധ്യമാകുമെന്നും കേരളത്തിന് വേണ്ടി കൂടുതൽ സേവനം ചെയ്യാൻ താൻ ഒരുക്കമാണെന്നും ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് പോകുന്ന അവസരത്തിൽ അവിടുത്തെ നേതാക്കളോട് പ്രവാസികളെപ്പറ്റി സംസാരിക്കാറുണ്ടെന്നും. എല്ലാവർക്കും കേരളത്തെപ്പറ്റി നല്ല മതിപ്പാണെന്നും താൻ കേരളത്തിൻ്റെ ബ്രാൻറിംഗ് എവിടെ ചെന്നാലും നടത്താറുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് ഉറപ്പാണെന്നും കേരളത്തിൽ ബിജെപി 2 അക്ക സീറ്റ് നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7