മാമുക്കോയ യാത്രയായി

കോഴിക്കോട്: അവിസ്മരണീയമായ കഥാപാത്രങ്ങൾ ബാക്കിയാക്കി മലയാളസിനിമയിലെ കോഴിക്കോടിന്റെ മുഖം മാമുക്കോയ യാത്രയായി. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ നടന്നത്. ഒൻപത് മണിവരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു. ശേഷം അരക്കിണർ മുജാഹിദ് പള്ളിയിലും തുടർന്ന് കണ്ണമ്പറമ്പ് പള്ളിയിലും മയ്യത്ത് നമസ്‌കാരം. തുടർന്നായിരുന്നു കബറടക്കം.

താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. നടൻ ജോജു ജോർജ്, ഇർഷാദ്, നിർമാതാവ് ആര്യാടൻ ഷൗക്കത്ത്, മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗൺഹാളിലേക്ക് നടന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

തിങ്കളാഴ്ച രാത്രി മലപ്പുറം കാളികാവ് പൂങ്ങോട് ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.

1946-ൽ കോഴിക്കോട് കല്ലായിക്കടുത്ത് ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചായിഷയുടെയും മകനായാണ് ജനനം. എം.എം. ഹൈസ്കൂളിൽനിന്ന് ഇ.എസ്.എൽ.സി. പാസായശേഷം കല്ലായിയിൽ മരം അളക്കൽ ജോലിചെയ്തു. കോഴിക്കോട്ടെ നാടക അരങ്ങുകളാണ് മാമുക്കോയയിലെ നടനെ രൂപപ്പെടുത്തിയത്. 1977-ൽ നിലമ്പൂർ ബാലൻ സംവിധാനംചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

അഞ്ഞൂറോളം സിനിമകളിൽ വേഷമിട്ട മാമുക്കോയ 2004-ൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും (പെരുമഴക്കാലം) 2008-ൽ ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും (ഇന്നത്തെ ചിന്താവിഷയം) നേടി. കലാരത്നം പുരസ്കാരം, കല അബുദാബി പുരസ്കാരം, നെല്ലിക്കോട് ഭാസ്കരൻ പുരസ്കാരം, കെ.പി. ഉമ്മർ പുരസ്കാരം തുടങ്ങിയവയും ലഭിച്ചു. കോഴിക്കോട് കേന്ദ്രമായുള്ള യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി പ്രസിഡന്റാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51