കൊച്ചി: ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയത് സംബന്ധിച്ച് അന്വേഷണം നടത്താൻ പോലീസിന് അധികാരമില്ലെന്ന് വിചാരണക്കോടതി. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നതെന്നും ഇത് കോടതിയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, ദിലീപ് കോടതി ജീവനക്കാരെ സ്വാധീനിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതല്ലേ എന്നതായിരുന്നു പ്രോസിക്യൂഷന്റെ ചോദ്യം.
ദിലീപ് പലരെയും സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. അതിനാൽ കോടതി ജീവനക്കാരെയും സ്വാധീനിക്കാൻ ശ്രമിച്ചോ എന്നതടക്കം അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നേരത്തെ ദിലീപിന്റെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോടതി രേഖകളടക്കം ഫോണിൽനിന്ന് കണ്ടെത്തിയത്. ഇത് എങ്ങനെ ദിലീപിന്റെ കൈവശമെത്തി എന്നതാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി കോടതി ജീവനക്കാരെ അടക്കം ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ജീവനക്കാരെ ചോദ്യംചെയ്യാനുള്ള അനുമതിക്കായി അന്വേഷണസംഘം കോടതിയെ സമീപിക്കുകയും ചെയ്തു.