പരീക്ഷയില്‍ തോറ്റെന്ന് തെറ്റിദ്ധരിപ്പിച്ചു; ജയിപ്പിക്കാനായി 1.25 ലക്ഷം കൈക്കൂലി, ഒടുവില്‍ പിടിയില്‍

ഏറ്റുമാനൂര്‍: കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് കൈയോടെ പിടികൂടിയ എം.ജി. യൂണിവേഴ്സിറ്റി സെക്ഷന്‍ അസിസ്റ്റന്റ് വിദ്യാര്‍ഥിനിയെ കബളിപ്പിച്ചത് ഇങ്ങനെ: 2014-2016 ഏറ്റുമാനൂരിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളേജില്‍നിന്ന് എം.ബി.എ. കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനി വിവിധ വര്‍ഷങ്ങളിലായി തോറ്റുപോയ ഏഴ് വിഷയങ്ങള്‍ എഴുതിയെടുത്തിരുന്നു.

അവശേഷിച്ച ഒരു വിഷയം മേഴ്‌സി ചാന്‍സിലാണ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പരീക്ഷ എഴുതിയത്. പരിക്ഷാഫലം പ്രസിദ്ധീകരിച്ചോ എന്ന് മാസങ്ങള്‍ക്ക് മുന്‍പ് സെക്ഷനില്‍ വിളിച്ച് അന്വേഷിച്ച വിദ്യാര്‍ഥിനിയോട് ‘നിങ്ങള്‍ തോറ്റുപോയി’ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിവിധ സമയങ്ങളിലായി യൂണിവേഴ്സിറ്റിയിലെ എല്‍സിയുടെ ബാങ്ക് അക്കൗണ്ടുവഴി കൈക്കൂലിയായി പണം വാങ്ങിയിരുന്നു. എന്നാല്‍, ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ വിദ്യാര്‍ഥിനിക്ക് നൂറില്‍ 57 മാര്‍ക്ക് ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് കബളിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനി തിരിച്ചറിയുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.

കര്‍ശന നടപടിവേണമെന്ന് സംഘടനകള്‍

കോട്ടയം: മാര്‍ക്ക് ലിസ്റ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് എം.ജി.സര്‍വകലാശാലയിലെ ഒരു ജീവനക്കാരി വിജിലന്‍സിന്റെ കസ്റ്റഡിയിലായ സംഭവം സര്‍വകലാശാലാ സര്‍വീസിന് ആകമാനം അപമാനകരമാണെന്ന് എം.ജി.യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.മഹേഷ്. ഈ സംഭവത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തി ഇവര്‍ക്ക് ഇതുചെയ്യാന്‍ മറ്റു പിന്തുണ ലഭിച്ചിട്ടുണ്ടെങ്കില്‍ അവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് എം.ജി.യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പൊതുവേ അഴിമതിരഹിതമാണ് സര്‍വകലാശാലാ സര്‍വീസ്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എം.ജി.യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7