ഇന്ത്യയുടെ ലോകകപ്പ് വിജയവുമായി ’83’; മലയാളത്തില്‍ അവതരിപ്പിക്കാന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

ബോളിവുഡ് സംവിധായകൻ കബീർ ഖാൻ സംവിധാനവും നിർമാണവും നിർവഹിക്കുന്ന ബഹുഭാഷാ ചിത്രം 83 മലയാളത്തിൽ അവതരിപ്പിക്കാൻ നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് റിലയൻസ് എന്റർടെയ്ൻമെന്റുമായി കൈകോർക്കുന്നു. 1983-ൽ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 83.

ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന 83 അവതരിപ്പിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിന്റെ മലയാളം പതിപ്പ് അവതരിപ്പിക്കുന്നതിന് പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി യോജിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ കബീർ ഖാൻ പറഞ്ഞു. ചിത്രത്തിന് പൃഥ്വിരാജിന്റെ പിന്തുണ പ്രാദേശിക പ്രേക്ഷകർക്ക് ഏറെ ആവേശം പകരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിൽ കപിൽ ദേവായി വേഷമിടുന്നത് രൺവീർ സിംഗാണ്. താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർണ, ചിരാഗ് പാട്ടിൽ, ദിൻകർ ശർമ, നിഷാന്ത് ദാഹിയ, ഹാർഡി സന്ധു, സഹിൽ ഖട്ടർ, അമ്മി വിർക്, ആദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ. ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര. കപിൽ ദേവിന്റെ ഭാര്യ റോമിയായി അതിഥി റോളിൽ ദീപിക പദുകോണാണ് എത്തുന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡിസംബർ 24-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം കബീർ ഖാന് പുറമേ ദീപിക പദുകോൺ, വിഷ്ണു ഇന്ദൂരി, സാജിദ് നാദിയാദ് വാല, ഫാന്റം ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, 83 ഫിലിം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7