ദുബായ്: ഒരു ലോകകപ്പ് വേദിയില്‍ പാകിസ്താനോട് ഇന്ത്യ ആദ്യ തോല്‍വി വഴങ്ങിയ നിരാശയിലും തലയുയര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.
ബാറ്റിങ് തകര്‍ച്ചയിലേക്ക് പോകുകയായിരുന്ന ടീമിനായി ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച കോലി 49 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 57 റണ്‍സെടുത്താണ് മടങ്ങിയത്. ഇന്ത്യയെ താരതമ്യേന ഭേദപ്പെട്ട ഒരു സ്‌കോറിലെത്തിച്ചതും കോലിയുടെ ഈ ആംഗറിങ് ഇന്നിങ്‌സായിരുന്നു.
ട്വന്റി 20 ലോകകപ്പില്‍ 10 അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം പാകിസ്താനെതിരായ മത്സരത്തിനിടെ കോലി സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.
കോലിയുടെ ട്വന്റി 20 കരിയറിലെ 29-ാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. മാത്രമല്ല ട്വന്റി 20 ലോകകപ്പില്‍ 50 തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടവും കോലി സ്വന്തമാക്കി.