കൊച്ചി: ആഫ്രിക്കയിലെ സ്വർണഖനിയിൽ നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതിക്ക് നിക്ഷേപം. രാഷ്ട്രീയ ഉന്നതർക്കടക്കം ഇയാൾക്കൊപ്പം ഖനിയിൽ പങ്കാളിത്തമുള്ളതായാണ് സൂചന.
എൻ.ഐ.എ.യും കസ്റ്റംസും അറസ്റ്റുചെയ്യുകയും ജാമ്യത്തിലിറങ്ങുകയുംചെയ്ത പ്രതിക്കാണ് ഖനിയിൽ നിക്ഷേപമുള്ളതായി വിവരങ്ങൾ പുറത്തായത്. നയതന്ത്ര സ്വർണക്കടത്തിലെ കൂട്ടുപ്രതികളോടാണ് ഇയാൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇതോടെ, കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രാഥമിക വിവരശേഖരണം തുടങ്ങി.
ആഫ്രിക്കയിലെ സിയറ ലിയോണിലെ സ്വർണഖനിയിലാണ് സ്വർണക്കടത്ത് പ്രതിക്ക് നിക്ഷേപമുള്ളത്. എന്നാൽ, എൻ.ഐ.എ.യുടെയോ കസ്റ്റംസിന്റെയോ ചോദ്യംചെയ്യലിൽ ഇയാൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഏതാനും നിർണായക വിവരങ്ങൾ നൽകിയതോടെ ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തി. അതിനാൽ ജാമ്യാപേക്ഷയെ എതിർത്തില്ല. ജാമ്യം ലഭിക്കുകയും പാസ്പോർട്ട് തിരികെ ലഭിക്കുകയും ചെയ്ത ശേഷവും ഇയാൾ വിദേശയാത്രകൾ നടത്തിയതായി സൂചനയുണ്ട്.
ഇതിനുശേഷമാണ് കൂട്ടുപ്രതികളോട് ആഫ്രിക്കയിലെ ഖനിയിലെ നിക്ഷേപത്തെക്കുറിച്ചും രാഷ്ട്രീയ ഉന്നതരുടെ പങ്കാളിത്തത്തെക്കുറിച്ചും വെളിപ്പെടുത്തിയത്. ഈ വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.