എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തി മുൻ ഉത്തരാഖണ്ഡ്, റൈസിങ് പൂനെ സൂപ്പർ ജയൻ്റ് താരം രജത് ഭാട്ടിയ. സ്റ്റീവ് സ്മിത്തിനു ക്യാപ്റ്റൻസിയെപ്പറ്റി ധാരണയില്ല എന്നും 2017ൽ ആർപിഎസ് ഫൈനലിൽ എത്തിയതിനു കാരണം എംഎസ് ധോണി ആണെന്നും ഭാട്ടിയ പറഞ്ഞു. സ്പോർട്സ്‌ടൈഗറുമായുള്ള അഭിമുഖത്തിനിടെയാണ് ഭാട്ടിയയുടെ അഭിപ്രായപ്രകടനം.
എന്നെ സംബന്ധിച്ച്, ഐപിഎലിലെ മികച്ച ക്യാപ്റ്റൻ എന്നാൽ ആഭ്യന്തര താരങ്ങളെപ്പറ്റി അറിയുന്ന ഇന്ത്യൻ താരമാണ്. രാഹുൽ ത്രിപാഠി ഏത് സംസ്ഥാനത്തിനു വേണ്ടി കളിക്കുന്ന ആളാണെന്നോ ഏത് ബാറ്റിംഗ് പൊസിഷനിലാണെന്നോ സ്മിത്തിന് അറിയില്ല. ഞങ്ങൾ 2017 സീസണിലെ ഫൈനലിൽ കയറിയത് സ്റ്റീവ് സ്മിത്ത് കാരണമല്ല, എംഎസ് ധോണി കാരണമാണ്. ധോണിയെയും സ്മിത്തിനെയും തമ്മിൽ താരതമ്യം ചെയ്യാനാവില്ല. നമ്മൾ ആകെ 10 ഫ്രാഞ്ചൈസികളെ പരിഗണിച്ചാലും സ്മിത്ത് മികച്ച 10 ക്യാപ്റ്റന്മാരിൽ പോലും പെടില്ല. സ്മിത്തിന് ക്യാപ്റ്റൻസിയെപറ്റി ഒരു ധാരണയുമില്ല. നിർണായക സമയത്ത് ഏത് ബൗളറെയാണ് കൊണ്ടുവരേണ്ടതെന്നോ ഡെത്ത് ഓവറുകളിൽ ആരെയാണ് വിശ്വസിക്കേണ്ടതെന്നോ സ്മിത്തിന് അറിയില്ല. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻസി ചുമതലയിൽ സ്മിത്തിനെ വിശ്വസിച്ചു എന്നത് എന്നെ അതിശയിപ്പിക്കുന്നു.”- രജത് ഭാട്ടിയ പറഞ്ഞു.
പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ടതിനെ തുടർന്ന് 2018 ഐപിഎലിൽ സ്മിത്ത് കളിച്ചിരുന്നില്ല. 2019ൽ രാജസ്ഥാൻ റോയൽസ് സ്മിത്തിനെ ടീമിലെത്തിച്ചു. രഹാനെയുടെ മോശം പ്രകടനത്തെ തുടർന്ന് രാജസ്ഥാൻ സ്മിത്തിന് ക്യാപ്റ്റൻസിയും നൽകി. എന്നാൽ, കഴിഞ്ഞ സീസണിൽ രാജസ്ഥാൻ പോയിൻ്റ് ടേബിളിൽ അവസാനമാണ് എത്തിയത്. ഇതേ തുടർന്ന് ഈ സീസണു മുന്നോടിയായി സ്മിത്തിനെ രാജസ്ഥാൻ റിലീസ് ചെയ്യുകയും മലയാളി താരം സഞ്ജു സാംസണെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.