സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമമെന്ന് പരാതി

കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത പണം തട്ടാന്‍ ശ്രമമെന്ന് പരാതി. തൃപ്പൂണിത്തുറ ഉദയംപേരൂര്‍ നിവാസി കെ.കെ. രാജേഷിന്റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്. വ്യവസായ വകുപ്പില്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വ്യവസായ വകുപ്പില്‍ ചേരുന്നതിന് മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലും ജോലി നോക്കിയിരുന്നു.

ഫേസ്ബുക്കില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം വിപുലമായ സൗഹൃദ വലയമാണ് രാജേഷിനുള്ളത്. 2500ഓളം സൗഹൃദങ്ങളുണ്ട്. ഇത് മുതലെടുക്കാനാണ് വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്തവര്‍ ശ്രമിച്ചതെന്ന് വ്യക്തം. രാജേഷിന്റെ ചിത്രം ഉപയോഗിച്ച് അതേ പേരില്‍ അക്കൗണ്ട് ഉണ്ടാക്കിയശേഷം സുഹൃത്തുക്കളോട് 10,000 രൂപ ഗൂഗിള്‍ പേ വഴി അയച്ചു നല്‍കണമെന്നാണ് വ്യാജന്‍ ആവശ്യപ്പെട്ടത്. മെസഞ്ചറിലൂടെയാണ് രാജേഷിന്റെ സുഹൃത്തുക്കളോട് വ്യാജന്‍ പണം ആവശ്യപ്പെട്ടത്.

ഈ മാസം 21നാണ് ഇത്തരത്തില്‍ വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്തത്. പണം ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്റ് കണ്ട ഉടനെ രാജേഷിന്റെ ചില സുഹൃത്തുക്കള്‍ ബന്ധപ്പെട്ടു. അപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് രാജേഷിന് മനസിലായത്. ഇത് അറിഞ്ഞ ഉടന്‍ തന്നെ രാജേഷ് നടന്ന സംഭവങ്ങള്‍ വിവരിച്ച് യഥാര്‍ഥ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ഇട്ടിരുന്നു. കുറ്റവാളികളെ കണ്ടെത്താന്‍ കൊച്ചി സിറ്റി പൊലീസിന്റെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7