ന്യൂഡല്‍ഹി: കോവിഡിന്റെ പിടിയില്‍ നിന്ന് ഏറെക്കുറെ മോചനം നേടുന്ന രാജ്യത്തെ ആശങ്കപ്പെടുത്തി പുതിയ വൈറസ് വകഭേദങ്ങള്‍. കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങളാണ് പുതുതായി കണ്ടെത്തിയത്. വ്യാപന ശേഷി കൂടിയതാണ് ഇവ എന്നു വിലയിരുത്തപ്പെടുന്നു. ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലുപേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലും സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് വകഭേദം ഇതുവരെ 190ഓളം പേര്‍ക്ക് ബാധിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.ബ്രിട്ടന്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ ഒഴികെയുള്ളവര്‍ക്കാണ് പുതിയ യാത്രാ മാര്‍ഗനിര്‍ദേശം. ഇതു പ്രകാരം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയവരെ മാത്രമേ വിമാനത്തില്‍ കയറ്റുകയുള്ളു. കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുണ്ട്.
ഇന്ത്യയിലേക്ക് വരുന്നവര്‍ യാത്രയ്ക്ക് മുന്‍പ് കോവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ എയര്‍ സുവിധ പോര്‍ട്ടില്‍ അപ്ലോഡ് ചെയ്യണം. കൂടാതെ ആര്‍ടി-പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആണെന്ന ഫലവും അപ്ലോഡ് ചെയ്തിരിക്കണം.
ബ്രിട്ടന്, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടോ കണക്ടഡ് വിമാനം വഴിയോ ഇന്ത്യയിലെത്തുന്നവര്‍ 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി വെളിപ്പെടുത്തണമെന്ന നിര്‍ദേശവുമുണ്ട്. ഈ യാത്രക്കാര്‍ നാട്ടിലെത്തിയാല്‍ സ്വന്തം ചെലവില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയരാകണം. ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.