ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിനെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ന് അഭിസംബോധന ചെയ്യും. സുരക്ഷാ കൗണ്‍സിലിന്റെ 2020 ലെ 2532-ാം പ്രമേയം സംബന്ധിച്ച ചര്‍ച്ചയിലാണ് ജയശങ്കര്‍ പങ്കെടുക്കുക.
യുഎന്നിന്റെ പൊതു സംവാദ വേദിയായ നിശ്ചയിച്ചിരിക്കുന്ന സെഷനില്‍ ഇന്ത്യ അംഗമായശേഷമുള്ള വളരെ പ്രധാനപ്പെട്ട യോഗമാണ് ഇന്നത്തേത്.ആഭ്യന്തര സംഘര്‍ഷങ്ങളും സായുധ കലാപങ്ങളും അരങ്ങേറുന്ന രാജ്യങ്ങളിലെ കോവിഡ് പ്രതിരോധം എന്ന വിഷയമാണ് 2532-ാം പ്രമേയമായി യുഎന്‍ രക്ഷാ സമിതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം രാഷ്ട്രങ്ങളുടെ ഭരണപരമായ അസ്ഥിരത, ആഭ്യന്തര പ്രശ്നങ്ങള്‍, അയല്‍ രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങളിലെ ഉലച്ചില്‍, അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ എന്നീ വിഷയങ്ങളിലെ ഇന്ത്യയുടെ അഭിപ്രായം ജയശങ്കര്‍ യോഗത്തില്‍ പങ്കുവയ്ക്കും.
ഭീകരതയും ആഭ്യന്തര പ്രശ്നങ്ങളും കലുഷിതമാക്കിയ രാജ്യങ്ങളിലെ കോവിഡ് വ്യാപനം തടയുന്നതിന് ഉന്നത നിലവാരമുള്ള ആശുപത്രിസേവനവും സുരക്ഷയും ഉറപ്പാക്കാന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിലൂടെ നിര്‍ദേശിച്ചിരുന്നു.