ന്യൂഡല്‍ഹി: കോവിഡ് കാലത്തെ പ്രതിബന്ധങ്ങളെ മറികടന്ന് രാഷ്ട്രപതി ഭവനില്‍ ഇനി വസന്തോത്സവത്തിന്റെ ദിനങ്ങള്‍. രാഷ്ട്രപതി ഭവനിലെ മനോഹരമായ മുഗള്‍ പൂന്തോട്ടം ഇന്നു മുതല്‍ 21 വരെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് സന്ദര്‍ശന സമയം. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.
കാഴ്ചക്കാരെ സന്തോഷിപ്പിക്കുന്ന നിരവധി പുഷ്പങ്ങള്‍ രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തില്‍ അണിനിരത്തിയിട്ടുണ്ട്. 120 തരത്തിലെ റോസാ പൂക്കളും അതില്‍ ഉള്‍പ്പെടുന്നു. ജപ്പാനില്‍ നിന്ന് എത്തിച്ച ഡബിള്‍ സ്ട്രോക്കും നയനാനന്ദകരമാകും. എന്നാല്‍ ടുലിപ് പൂക്കള്‍ ഇക്കുറി ഉദ്യാനത്തില്‍ ഇടംപിടിക്കുന്നില്ല.
പ്രസിഡന്റ്സ് എസ്റ്റേറ്റിന്റെ നോര്‍ത്ത് അവന്യൂവിനു സമീപത്തെ 35-ാം ഗേറ്റ് വഴി പൊതുജനങ്ങള്‍ ഉദ്യാനത്തില്‍ പ്രവേശിക്കാം. സന്ദര്‍ശകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. രാഷ്ട്രപതി ഭവനില്‍ ഒരേ സ്ഥലത്ത് അഞ്ച് പേരെ കൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.