ന്യൂഡല്‍ഹി: രാജ്യസഭാംഗമെന്ന നിലയിലെ കാലാവധി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് ഇതു വിടവാങ്ങല്‍ ദിവസമായിരുന്നു. ഗുലാം നബിക്ക് രാജ്യസഭ നല്‍കിയ ഊഷ്മളമായ യാത്രയയപ്പിനിടെ പ്രധാനമന്ത്രി വികാരാധീനനായി. ഗുലാം നബിയുമായുള്ള സൗഹൃദത്തിന്റെ ആഴം പറഞ്ഞ് മോദി വിതുമ്പിയപ്പോള്‍ അംഗങ്ങളുടെയെല്ലാം മനസിലും നോവ് പടര്‍ന്നു.
സ്ഥാനമാനങ്ങളും ഉന്നത പദവികളും അധികാരവും ശാശ്വതമല്ല. പക്ഷേ, അവയെല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ നാം ഗുലാം നബിയെ മാതൃകയാക്കണം. ഗുലാം നബിയെ താന്‍ എക്കാലവും നല്ല കൂട്ടുകാരനായാണ് കണ്ടിരുന്നത്- മോദി പറഞ്ഞു.
ഒരിക്കല്‍ ഗുജറാത്തില്‍ നിന്നുള്ള കുറച്ചുപേര്‍ ഭീകരാക്രമണത്തെത്തുടര്‍ന്നു കശ്മീരില്‍ അകപ്പെട്ടപ്പോള്‍ അവര്‍ക്കുവേണ്ടി പ്രണബ് മുഖര്‍ജിയും ഗുലാം നബിയും ചെയ്ത സഹായങ്ങള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. കുടുംബാംഗങ്ങള്‍ക്ക് അപകടം സംഭവിച്ചാല്‍ എങ്ങനെയാണോ അതുപോലെയാണു ഗുലാം നബി പ്രശ്‌നത്തില്‍ ഇടപെട്ടത്.
എനിക്ക് ഏറെക്കാലമായി ആസാദ് സാഹിബിനെ അറിയാം. ഞങ്ങള്‍ ഇരുവരും ഒരേകാലത്ത് മുഖ്യമന്ത്രിമാരായിരുന്നു. മുഖ്യമന്ത്രിയാകുന്നതിനു മുന്‍പും ആസാദ് സാഹിബുമായി അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന് അധികമാര്‍ക്കും അറിയാത്തൊരു ഇഷ്ടമുണ്ട്. ഉദ്യാന പരിപാലനമാണത്- മോദി കൂട്ടിച്ചേര്‍ത്തു.