ന്യൂഡല്‍ഹി: 270 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാനില്‍ തടവിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.മത്സ്യത്തൊഴിലാളികളെ കൂടാതെ 49 ഇന്ത്യക്കാരും പാക് കസ്റ്റഡിയിലുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് രാജ്യസഭയെ അറിയിച്ചു.
2008ല്‍ പാകിസ്ഥാനും ഇന്ത്യയും ഒപ്പുവച്ച കരാര്‍ പ്രകാരം തടവിലുള്ളവരുടെ കണക്കുകള്‍ ഇരു രാജ്യങ്ങളും പരസ്പരം കൈമാറാറുണ്ട്. ഇതുപ്രകാരം ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് തടവുപുള്ളികളുടെ പട്ടിക കൈമാറാറുള്ളത്. ഇതിലെ വിവരങ്ങളാണ് മുരളീധരന് സഭയില്‍ പറഞ്ഞത്.
77 പാക് മത്സ്യത്തൊഴിലാളികളും 263 പാകിസ്ഥാന് പൗരന്മാരും ഇന്ത്യയുടെ പിടിയിലുണ്ടെന്ന് മുരളീധരന് പറഞ്ഞു. അതേസമയം, കാണാതായ 83 ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭ്യമല്ല. ഇവര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാകിസ്ഥാന് ഇതുവരെ സമ്മതിച്ചിട്ടില്ല.