യാങ്കൂണ്‍: മ്യാന്മര് വീണ്ടും പട്ടാള ഭരണത്തിലേക്ക്. രാജ്യത്തെ ഭരണസമിതിയെ അട്ടിമറിച്ച സൈന്യം മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലര്‍ ചുമതല വഹിക്കുന്ന ആങ് സാന്‍ സൂ കിയെ തടവിലാക്കി.
മ്യാന്മര് ഭരണസമിതി അധികാരമേല്‍ക്കാനിരിക്കെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്. സൂകിയെ കൂടാതെ പ്രസിഡന്റ് വിന് മിന്റ് അടക്കം വിവിധ പ്രവിശ്യാ മുഖ്യമന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തടവിലാക്കപ്പെട്ടെന്നാണ് വിവരം.
2011 വരെ പട്ടാള ഭരണത്തിലായിരുന്ന മ്യാന്മറില് ആങ് സാന്‍ സൂ കി വര്‍ഷങ്ങളോളം വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്നു. സൂ കിയുടെ നേതൃത്വത്തിലെ പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നത് മാറ്റിവയ്ക്കണം എന്ന സൈനിക മേധാവികളുടെ ആവശ്യം ഭരണകൂടം തള്ളിയതാണ് അട്ടിമറിക്ക് കാരണമായത്. നവംബറിലെ തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്ന് സൈന്യം ആരോപിക്കുന്നു.