അഭയ കൊലക്കേസില്‍ 28 വര്‍ഷത്തിനുശേഷം വിധി പറയുമ്പോള്‍

തിരുവനന്തപുരം: അഭയ കൊലക്കേസില്‍ 28 വര്‍ഷത്തിനുശേഷം സിബിഐ കോടതി വിധി പറയുമ്പോള്‍ അതെന്താകുമെന്ന ആകാംഷയോടെ കോടതി പരിസരം രാവിലെ തന്നെ ജനനിബിഡമായി. ശക്തമായ സുരക്ഷ ഒരുക്കിയ പൊലീസ് വഞ്ചിയൂര്‍ കോടതിയിലെ പുതിയ കെട്ടിടത്തിലെ രണ്ടാം നിലയിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചു.

പ്രതികളായ സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് കോട്ടൂരും ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും അഭിഭാഷകര്‍ക്കുമൊപ്പം 10.20ഓടെ കോടതി വളപ്പിലെത്തി. ശാരീരിക അകലം പാലിച്ചാണ് കോടതി മുറിയില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നത്. 10.42നു സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ പ്രവേശിച്ചതിനു തൊട്ടുപിന്നാലെ പ്രതിഭാഗം അഭിഭാഷകനുമെത്തി. 10.50 ഓടെ തോമസ് കോട്ടൂരും സെഫിയും കോടതിക്കു പുറത്തെ വരാന്തയിലെത്തി ഇരിപ്പിടങ്ങളിലിരുന്നു. കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് തോമസ് കോട്ടൂര്‍ ആദ്യം കോടതി മുറിയിലേക്കു കയറി, പിന്നാലെ സെഫിയും. കൃത്യം 11 മണിക്ക് ജഡ്ജി സനല്‍കുമാര്‍ കോടതിയിലെത്തി നടപടികള്‍ ആരംഭിച്ചു. രണ്ടു കേസുകള്‍ പരിഗണിച്ചശേഷം 11.03ന് അഭയ കേസ് കോടതി പരിഗണനയ്‌ക്കെടുത്തതോടെ തോമസ് കോട്ടൂരും സെഫിയും പ്രതികൂട്ടിലേക്കു കയറി.

കുറ്റം ചെയ്തതായി വ്യക്തമായെന്നു ജഡ്ജി പറഞ്ഞതോടെ ഇരുവരുടേയും മുഖം മ്ലാനമായി. 1–ാം പ്രതി തോമസ് കോട്ടൂരിനെതിരെ കൊലക്കുറ്റം (ഐപിസി 302), തെളിവു നശിപ്പിക്കല്‍ (ഐപിസി 201), അതിക്രമിച്ചു കയറല്‍ (ഐപിസി 449) എന്നിവ നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. മൂന്നാം പ്രതി സെഫിക്കെതിരെ കൊലക്കുറ്റവും തെളിവു നശിപ്പിക്കലുമാണ് ഉണ്ടായിരുന്നത്. അഞ്ചു മിനിട്ടിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാളെ വിധിപറയാന്‍ മാറ്റിയതോടെ സെഫി പൊട്ടിക്കരഞ്ഞു. തോമസ് കോട്ടൂര്‍ ഭാവവ്യത്യാസമില്ലാതെ നിന്നു.

ജഡ്ജി കോടതി മുറിയില്‍നിന്ന് പോയശേഷം സെഫി ബെഞ്ചില്‍ തളര്‍ന്നിരുന്നു. ബന്ധുക്കളും പരിചയക്കാരും ആശ്വാസവാക്കുകളുമായി എത്തി. വെള്ളം ആവശ്യപ്പെട്ട സെഫിക്ക് അതു നല്‍കി. തോമസ് കോട്ടൂര്‍ വരാന്തയില്‍ ഭാവവ്യത്യാസമില്ലാതെ നിന്നു. കേസുമായി മുന്നോട്ടുപോയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വിധിവന്നശേഷം കോടതി പരിസരത്തുവച്ച് മാധ്യമങ്ങളെ കണ്ടു. വലിയ സന്തോഷമുണ്ടെന്നും ഈ ദിവസത്തിനുവേണ്ടിയാണ് വര്‍ഷങ്ങളായി കാത്തിരുന്നതെന്നും ജോമോന്‍ പ്രതികരിച്ചു.

കോടതി നിര്‍ദേശപ്രകാരം 11.50ന് ഇരുവരെയും ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാനിറക്കിയപ്പോള്‍ മാധ്യമങ്ങള്‍ കാറിനെ വളഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു തോമസ് കോട്ടൂരിന്റെ മറുപടി. അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് തോമസ് കോട്ടൂര്‍ പ്രതികരിച്ചില്ല. സെഫി ചോദ്യങ്ങളോട് പ്രതികരിച്ചതേയില്ല. കോവിഡ് പരിശോധനയും കോടതി നടപടികളും പൂര്‍ത്തിയാക്കി ഇരുവരെയും ജയിലേക്കു മാറ്റി. തോമസ് കോട്ടൂരിനെ സെന്‍ട്രല്‍ ജയിലിലേക്കും സെഫിയെ അട്ടകുളങ്ങര വനിതാ ജയിലേക്കുമാണ് മാറ്റിയത്. നാളെ 11 മണിക്കു വിധി പറയുന്നതിനു മുന്‍പായി ഇരുവരെയും കോടതിയില്‍ ഹാജരാക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7