കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ എം ശിവശങ്കര്‍ കോടതിയില്‍. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ വിശദീകരണ പത്രികയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി നാളെ വിധി പറയാനിരിക്കെയാണ് വിശദീകരണം.
കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. സ്വര്‍ണക്കടത്ത്, ലൈഫ്മിഷന് തുടങ്ങിയ കേസുകളില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ തന്റെ മേല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിന് താന്‍ വഴങ്ങിയിട്ടില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ പറയുന്നു.
സ്വപ്നയും തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്സാപ്പ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപവും ശിവശങ്കര്‍ രേഖമൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ വാട്സാപ്പ് സന്ദേശങ്ങള്‍ പരിശോധിക്കണം. താന്‍ ഒരു കസ്റ്റംസ് ഓഫീസറേയും സ്വര്‍ണക്കടത്തിന് വേണ്ടി വിളിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരണത്തില്‍ പറയുന്നു.
നിലവില്‍ ശിവശങ്കറിനെ കസ്റ്റംസ് കാക്കനാട് ജില്ലാ ജയിലില്‍ ചോദ്യം ചെയ്യുകയാണ്. ഉച്ചയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജില്ലാ ജയിലിലെത്തിയത്. വൈകുന്നേരം അഞ്ചുമണി വരെ ചോദ്യം ചെയ്യാനെ കസ്റ്റംസിന് അനുമതിയുള്ളൂ.