ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന റെയ്ഡ് അവസാനിച്ചു

ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന റെയ്ഡ് അവസാനിച്ചു. 25 മണിക്കൂർ നീണ്ട റെയ്ഡിൽ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡും, ബിനീഷിന്റെ ഭാര്യയുടെ അമ്മയുടെ ഐ ഫോണും, ചില രേഖകളും പിടിച്ചെടുത്തു.

ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നടന്ന റെയ്ഡ് 25 മണിക്കൂറിന് ശേഷം രാവിലെ പതിനൊന്ന് മണിക്കാണ് അവസാനിച്ചത്. പരിശോധനയ്ക്കിടെ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റേതെന്ന് കരുതുന്ന ക്രെഡിറ്റ് കാർഡ് കണ്ടെത്തി. ബിനീഷിന്റെ ഭാര്യയുടെ അമ്മ മിനിയുടെ ഐ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തു. ക്രെഡിറ്റ് കാർഡ് ഇ.ഡി സംഘം കൊണ്ടു വന്നതാണെന്ന് ബിനീഷിന്റെ കുടുംബം ആരോപിച്ചു. ക്രെഡിറ്റ് കാർഡ് ഇ.ഡി സംഘം കൊണ്ടുവെച്ചതാണെന്നും, മഹസർ രേഖയിൽ ഒപ്പിടാൻ ഇ.ഡി ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു.

റെയ്ഡിന്റെ പേരിൽ കുടുംബാംഗങ്ങളെ അനധികൃതമായി കസ്റ്റഡിയിൽവെച്ചതായും, ഭീഷണിപ്പെടുത്തിയെന്നും കുടുംബാംഗങ്ങൾ പരാതിപ്പെട്ടു.

ബിനീഷുമായി ബിസിനസ് ബന്ധമുണ്ടെന്ന് കരുതുന്ന അൽ ജാസം അബ്ദുൽ ജാഫറിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ മൂന്ന് ഫോണുകൾ കസ്റ്റഡിയിലെടുത്തു.വസ്തുവിന്റെ പ്രമാണം അടക്കമുള്ള രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അൽ ജാസമിനോട് കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദ്ദേശിച്ചു. സ്റ്റാച്യു ചിറക്കുളം റോഡിലെ അനന്തപത്മനാഭൻ എന്ന ആളുടെ ടോറസ് റമഡീസ് എന്ന സ്ഥാപനത്തിൽ നിന്ന് ഹാർഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7