ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും ക്വാറന്റീനിൽ പോകേണ്ടി വരും.
ക്വീൻ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ആദ്യ ഷെഡ്യൂൾ കൊച്ചിയില്‍ പൂർത്തിയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി വീട്ടിൽ നിന്നും മാറി ഒറ്റയ്ക്കൊരു ഹോട്ടലിലായിരുന്നു പൃഥ്വിയുടെ താമസം. ഷെഡ്യൂൾ പൂർത്തിയായി വീട്ടിലേയ്ക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് ആകുന്നത്. ആടുജീവിതം ഷൂട്ടിനു ശേഷം നാട്ടിലെത്തിയപ്പോൾ താമസിച്ച ഫോർട്ടുകൊച്ചിയിലെ അതേ ഹോട്ടലിൽ സെൽഫ് ക്വാറന്റീനിലാണ് ഇപ്പോൾ താരം.
സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ ആണ് പൃഥ്വിരാജിന്റേതായി അവസാനം തിയറ്ററിലെത്തിയ ചിത്രം. ബ്ലെസ്സിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതമാണ് ചിത്രീകരണം പൂർത്തിയാക്കാനുള്ള മറ്റൊരു ചിത്രം. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനു ശേഷം ജോർദ്ദാനിൽ നിന്നു മടങ്ങിയെത്തിയ പൃഥ്വിരാജ്, രണ്ടാഴ്ച കൊച്ചിയിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്നു.
മെയ് അവസാന വാരത്തോടൊണ് പൃഥ്വിരാജും സംഘവും ജോർദ്ദാനിൽ നിന്നും മടങ്ങിയത്തിയത്. ലോക്ഡൗണിനെ തുടർന്ന് പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷമാണ് പ്രത്യേക വിമാനത്തിൽ ഇവർ കൊച്ചിയിലെത്തിയത്. ജോർദ്ദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.