പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുമ്പ് പൂജ; മറുപടിയുമായി മന്ത്രി ജി. സുധാകരന്‍

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുന്നോടിയായി നടന്ന പൂജയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങൾക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയേക്കാൾ വലുതാണ് കരാറുകാരും തൊഴിലാളികലും നടത്തിയ ഭൂമിപൂജ എന്ന് കരുതുന്നവരോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഒരു പ്രവൃത്തി കരാറുകാരേറ്റെടുത്താൽ ആ സൈറ്റ് നിർമാണം പൂർത്തീകരിച്ച് നാടിന് കൈമാറുന്നതു വരെ അവരുടേതാണ്. അവിടെ കരാറുകാർക്കും തൊഴിലാളികൾക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് പൂജയോ മറ്റ് മതാനുഷ്ഠാനങ്ങളോ നടതുന്നതിനെ സർക്കാർ എതിർക്കേണ്ട കാര്യമെന്താണെന്നും മന്ത്രി ചോദിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പാലാരിവട്ടം പാലം പൊളിക്കൽ തുടരുന്നു..
ഇന്നലെ രാവിലെ 8.30 നാണ് പ്രവൃത്തികൾ ആരംഭിച്ചത്. പാലത്തിലെ ടാറിംഗ് നീക്കുന്ന ജോലിയാണ് ആദ്യം ആരംഭിച്ചത്. പകലും രാത്രിയുമായി തുടരുന്ന പ്രക്രിയയിൽ നിലവിൽ 80 തൊഴിലാളികൾ പണിയെടുക്കുന്നു. 2 ജെ.സി.ബി കൾ അനുസ്യൂതം പ്രവർത്തിച്ചു വരുന്നു.

ബുധനാഴ്ചയോടെ ഡയമണ്ട് കട്ടർ ഉപയോഗിച്ചാണ് കോൺക്രീറ്റ് മുറിച്ചു തുടങ്ങുക.17 സ്പാനുകളിൽ വിള്ളൽ വീണ 15 എണ്ണം മാറ്റേണ്ടതുണ്ട്. ആറ് ഗർഡറുകൾ ചേർന്നതാണ് ഒരു സ്പാൻ. ഡയമണ്ട് കട്ടറുപയോഗിച്ച് ഓരോ ഗർഡറും അതിനു മുകളിലെ ഡെക്ക് സ്ലാബും മുറിക്കും. ആദ്യം നീളത്തിൽ മുറിക്കുന്ന കോൺക്രീറ്റ് ചെറുകഷണങ്ങളാക്കുകയും അതിനു ശേഷം പൊടിച്ചെടുക്കുകയും ചെയ്യും. പൊടിശല്യവും അപകടവുമൊഴിവാക്കാൻ പാലത്തിനു ചുറ്റും കമ്പി വല കെട്ടിമറച്ചാണ് പൊളിക്കുക. നിലവിലെ ഗതാഗതത്തിന് തടസ്സമുണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

കേരളത്തിന്റെ അഭിമാനത്തിനു മേൽ വിള്ളൽ വീഴ്ത്തിയ പാലാരിവട്ടം പാലം പൊളിച്ച് പുനർ നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് രാജ്യത്തെ പരമോന്നത കോടതി അംഗീകാരം നൽകിയിരുന്നു. പ്രാദേശിക,ദേശീയ അന്തർദ്ദേശീയ മാധ്യമങ്ങളും പൊതു സമൂഹവും നിർലോഭമായ പിന്തുണയാണ് നൽകി വരുന്നത്. പാലം പൊളിക്കൽ പ്രക്രിയ ഇന്നലെ പേജിൽ ലൈവ് നൽകിയിരുന്നു. പതിനൊന്നര ലക്ഷത്തിലധികം അളുകൾ ആ വീഡിയോ കാണുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തു. എന്നാൽ ചില തത്പര കക്ഷികൾ ഇതൊന്നും കാണാതെ പ്രവൃത്തി ആരംഭിക്കുന്നതിന് മുൻപ് കരാറുകാർ നടത്തിയ ഭൂമി പൂജയെ പരിഹസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കാര്യബോധമുള്ള വലതുപക്ഷ മാധ്യമങ്ങൾ പോലും ഇത്തരം പ്രതികരണങ്ങൾ നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയവും സ്വാഗതാർഹവുമാണ്.

ഒരു പ്രവൃത്തി കരാറുകാരേറ്റെടുത്താൽ ആ സൈറ്റ് നിർമാണം പൂർത്തീകരിച്ച് നാടിന് കൈമാറുന്നതുവരെ അവരുടേതാണ്. അവിടെ കരാറുകാർക്കും തൊഴിലാളികൾക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് പൂജയോ മറ്റ് മതാനുഷ്ഠാനങ്ങളോ നടതുന്നതിനെ സർക്കാർ എതിർക്കേണ്ട കാര്യമെന്താണ്. കരാറുകാരായ DMRCയുടെ തലവൻ ഇ.ശ്രീധരൻ സർ തികഞ്ഞ ഈശ്വര വിശ്വാസിയാണെന്നാണ് മനസ്സിലാക്കുന്നത്. അവർ സഹായം തേടിയിട്ടുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി വാഗ്ഭടാനന്ദൻ സ്ഥാപിച്ചതും കേരളത്തിലെ ഏറ്റവും പ്രസിദ്ധമായതുമായ നിർമ്മാണ മേഖലയിലെ സഹകരണ സ്ഥാപനമാണല്ലൊ. അവരിലും വിശ്വാസികളുണ്ടായിരിക്കാം. കൂടാതെ കമ്യൂണിസ്റ്റുകാർ വിശ്വാസങ്ങൾക്കെതിരല്ല. മറിച്ച് വിശ്വാസികൾക്കും അവിശ്വാസികൾക്കും സംരക്ഷണമേകുന്നവർ തന്നെയാണ്.

സൃഷ്ടിപരമായ വിമർശനങ്ങളെ ഞങ്ങൾ എന്നും സ്വാഗതം ചെയുന്നു. എന്നാൽ അന്ധമായ രാഷ്ട്രീയ വിരോധം വച്ചു പുലർത്തി ചിലർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരങ്ങൾ നടത്തുന്നത് പ്രതിഷേധാർഹമാണ്. കേരളത്തിനു മേൽ വീണ കളങ്കം മായ്ക്കാനും അഴിമതിയുടെ പഞ്ചവടിപ്പാലമായ പാലാരിവട്ടം പാലം പൊളിച്ച് അഭിമാനത്തിന്റെ ഉയരപ്പാത തീർക്കാനുള്ള ഇടതു സർക്കാരിന്റെ ആത്മാർത്ഥ ശ്രമങ്ങളെ പൊതു സമൂഹം തിരിച്ചറിയുന്നുണ്ടെന്നതും മേൽപ്പറഞ്ഞ വ്യാജ പ്രചാരകരെ ഒറ്റപ്പെടുത്തുന്നു എന്നറിയുന്നതിൽ തികഞ്ഞ ചാരിതാർത്ഥ്യവുമുണ്ട്.

കരാറുകാരും തൊഴിലാളികളും ഭൂമി പൂജ നടത്തുന്നത് സർവ്വ സാധാരണമാണ്. ഇതിൽ സർക്കാരിന് പങ്കില്ലെന്ന് ഏവർക്കും അറിവുള്ളതുമാണ്. ഇത് തടയാൻ രാജ്യത്ത് നിയമ വ്യവസ്ഥയുമില്ല. പൂജ എസ്റ്റിമേറ്റിലില്ല, അതിനാൽ തന്നെ പൂജ നടന്നത് സർക്കാർ ചിലവിലുമല്ല. ഏതാനും ചില തത്പരകക്ഷികൾ മാത്രമാണ് പല രൂപത്തിലും ഭാവത്തിലും വ്യാജ പ്രചരണങ്ങൾ നടത്തുന്നത്.
മാർക്സിസവും ലെനിനിസവും പാർട്ടി നയരേഖകളും മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് മാത്രമല്ല സാധാരണക്കാർക്കും സത്യം മനസ്സിലാവും. യുക്തിവാദത്തിൽ ശാസ്ത്രീയ യുക്തിവാദവും യാന്ത്രിക യുക്തിവാദവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി വിവക്ഷിച്ചിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയേക്കാൾ വലുതാണ് കരാറുകാരും തൊഴിലാളികളും അവരുടെ വിശ്വാസത്തിൽ, അവരുടെ ചിലവിൽ നടത്തിയ ഭൂമി പൂജ എന്നു കരുതുന്നവരോട് തർക്കിച്ചിട്ട് കാര്യമില്ല, കണ്ണിറുക്കിയടച്ചിട്ട് നട്ടുച്ചയ്ക്കും ഇരുട്ടെന്നാണല്ലോ പരാതി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51