എന്‍ഐഎ വീണ്ടും സിആപ്റ്റില്‍ പരിശോധന നടത്തുന്നു

തിരുവനന്തപുരം: സിആപ്റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന നടത്തുന്നു. മത ഗ്രന്ഥങ്ങള്‍ സി ആപ്റ്റ് വഴി മലപ്പുറത്ത് എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് എന്‍ഐഎ ഇന്ന് വീണ്ടും തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സിആപ്റ്റില്‍ എത്തി പരിശോധന നടത്തുന്നത്.

ചൊവ്വാഴ്ച പകല്‍ മൂന്ന് ഘട്ടങ്ങളായി എന്‍ഐഎ സി ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. സി ആപ്റ്റ് മുന്‍ എം.ഡിയുടെയും ജീവനക്കാരുടെയും അടക്കം മൊഴി എടുത്തിരുന്നു. വന്ന പായ്ക്കറ്റുകളില്‍ നിന്നെടുത്ത ഖുറാന്‍ സി ആപ്റ്റിലെ ജീവനക്കാന്റെ വീട്ടില്‍ നിന്ന് പരിശോധനയ്ക്കായി എന്‍ഐഎ ഏറ്റുവാങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച വിശദമായ പരിശോധനയാണ് സിആപ്റ്റില്‍ നടന്നത്. വാഹനങ്ങളുമായി ബന്ധപ്പെട്ട പരിശോധനയില്‍ മലപ്പുറത്തേക്കുള്ള യാത്രയില്‍ ജിപിഎസ് തടസപ്പെട്ടതായി ആരോപണം നേരത്തെ ഉണ്ടായിരുന്നു.

ജിപിഎസ് സംവിധാനം എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. സാങ്കേതിക പരിജ്ഞാനം ഉള്ള ആളുകള്‍ ഉണ്ടെങ്കിലേ വിശദമായി പരിശോധിക്കാന്‍ കഴിയൂ. ഇന്ന് സാങ്കേതിക പരിജ്ഞാനം ഉള്ള ആളുകളും അന്വേഷണ സംഘത്തിലുണ്ടാകും. വാഹനത്തിന്റെ ജിപിഎസ് സംവിധാനം അടക്കമുള്ളത് ഇന്ന് വിശദമായി പരിശോധിക്കും.

മത ഗ്രന്ഥങ്ങളുമായി മലപ്പുറത്തേക്ക് വാഹനം പോകുമ്പോള്‍ തൃശ്ശൂരിന് ശേഷം ജിപിഎസ് സംവിധാനങ്ങള്‍ കട്ടായി എന്നാണ് ആരോപണം ഉയര്‍ന്നത്. ഇത് സംബന്ധിച്ച് ജീവനക്കാരെ കൊച്ചിയില്‍ വിളിച്ചുവരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ജിപിഎസ് സംവിധാനം തകരാറില്‍ ആയത് സംബന്ധിച്ച കൃത്യമായ വിവരം പങ്കുവയ്ക്കാന്‍ ജീവനക്കാര്‍ക്ക് ആയില്ല. മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് ഖുറാന്‍ പാക്കറ്റുമായി മലപ്പുറത്തേക്ക് പോയതെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. പക്ഷേ ജിപിഎസ് സംവിധാനം കട്ടായത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാന്‍ ജീവനക്കാര്‍ക്ക് ആയില്ല.

മത ഗ്രന്ഥങ്ങള്‍ എന്തുകൊണ്ടാണ് സി.ആപ്റ്റില്‍ എത്തിച്ചത് എന്നത്‌ സംബന്ധിച്ച് എന്‍ഐഎ ഇന്നലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചേദ്യം ചെയ്തിരുന്നു. എന്നാല്‍ അതിനും കൃത്യമായൊരു ഉത്തരം നല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും പരിശോധന നടത്തുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു തവണയും എന്‍ഐഎ ഒരു തവണയും ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷവും എന്‍ഐഎ നേരിട്ടെത്തി സി ആപ്റ്റില്‍ നടത്തുന്ന പരിശോധന ഈ കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7