വിവാദമായ കൊല്ലം ഉത്രാ വധക്കേസിൽ പ്രതിയായ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും അറസ്റ്റ് ചെയ്തു. അടൂരുള്ള വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് നടന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയിരുന്നു. ഇവരെ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും. ഇവരെ മുൻപ് പല തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
അഞ്ചൽ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തെരച്ചിലിൽ മുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
മാർച്ച് മാസത്തിൽ ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വച്ചും യുവതിക്ക് പാമ്പുകടിയേറ്റിരുന്നു. ഇതും ദുരൂഹത വർധിപ്പിച്ചു. അഞ്ചൽ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ദിവസങ്ങൾക്കുള്ളിൽ ഉത്രയുടെ ഭർത്താവ് സൂരജിനെയും ഇയാൾക്ക് പാമ്പിനെ വിറ്റ സുരേഷിനെയും സൂരജിന്റെ അച്ഛൻ സുരേന്ദ്രനെയും അറസ്റ്റ് ചെയ്തു. താൻ ഒറ്റക്കാണ് കൊല ചെയ്തതെന്ന് എന്നായിരുന്നു മാധ്യമങ്ങൾക്ക് മുൻപിൽ സൂരജിന്റെ നേരത്തെയുള്ള തുറന്നുപറച്ചിൽ.