സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആലുവ സ്വദേശി പെരിയപറമ്പിൽ അഹമ്മദുണ്ണി (65) ആണ് മരിച്ചത്. ആലുവ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.
ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസർഗോഡ്, മലപ്പുറം എന്നിവിടങ്ങളിലായി ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അരൂർ സ്വദേശിനിയായ തങ്കമ്മയാണ് ആലപ്പുഴയിൽ മരിച്ചത്. 78 വയസായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പ്രമേഹവും വാർധക്യസഹജമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോട്ടയത്ത് വടവാതൂർ സ്വദേശി പി.എൻ ചന്ദ്രൻ (74) ആണ് മരിച്ചത്. ആദ്യകാല ആർഎസ്എസ് പ്രവർത്തകനായിരുന്നു. കോട്ടയം അടിയന്തിരാവസ്ഥ കാലത്ത് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദ രോഗിയായിരുന്നു.
ഇതിന് പിന്നാലെ പത്തനംതിട്ട, കാസർഗോഡ്, മലപ്പുറം ജില്ലകളിലും മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിൽ പ്രമാടം സ്വദേശി പുരുഷോത്തമൻ (69) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിതൻ ആയിരുന്നു. കാസർഗോട്ട് തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശി പി വിജയകുമാറാണ് (55) മരിച്ചത്. മലപ്പുറത്ത് മഞ്ചേരി കരുവമ്പ്രം സ്വദേശിയായ കുഞ്ഞിമൊയ്തീൻ (65) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് മരണം. ഹൃദയ സംബന്ധമായ അസുഖത്തിന് ഓഗസറ്റ് 10 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.