സന്ദർശക വീസയില്‍ ജോലിയന്വേഷിച്ചെത്തി കുടുങ്ങിയവരെയും താമസ വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെയും യുഎഇയിലെ സ്വർണക്കടത്ത് മാഫിയ കാരിയർമാരാക്കുന്നു. നാട്ടിലേയ്ക്ക് സ്വർണം കൊണ്ടുപോവുകയാണെങ്കിൽ വിമാന ടിക്കറ്റും അരലക്ഷം രൂപ വരെയും പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് സാധാരണക്കാരായ നിഷ്കളങ്ക യുവത്വങ്ങളെ വലവീശിപ്പിടിക്കുന്നത്. ഒട്ടേറെ പേർ ഇതിനകം കാരിയർമാരായി പ്രവർത്തിച്ചു. മറ്റനേകം പേർ യാത്രയ്ക്ക് തയാറെടുപ്പുകൾ നടത്തുന്നു. ഇത്തരത്തിൽ ദിനംപ്രതി വൻതോതിൽ സ്വർണം ഇന്ത്യയിലേയ്ക്ക് കടത്തുന്നതായാണ് റിപോർട്ട്.
യുഎഇയിൽ പ്രവർത്തിക്കുന്ന മലയാളികളായ സ്വർണക്കടത്തു സംഘങ്ങളാണ് നിരാലംബരായ യുവതീയുവാക്കളെ വലവീശിപ്പിടിക്കുന്നത്. ഇതിന് സ്ത്രീകളെയും ഉപയോഗിക്കുന്നുണ്ട്. വന്ദേ ഭാരത് മിഷൻ പദ്ധതി വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയാൽ ഇന്ത്യൻ സമ്പദ് ഘടനയെ തന്നെ തകർക്കുന്ന സ്വർണക്കടത്ത് ഒരളവുവരെ തടയാൻ സാധിക്കും.
ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ സന്ദർശ വീസയിൽ ജോലി അന്വേഷിച്ചെത്തിയ പലരും കോവിഡ് വ്യാപകമായതിനെ തുടർന്ന് യുഎഇയിൽ ഭക്ഷണത്തിന് പോലും വകയില്ലാതെ ദുരിതത്തിലായിരുന്നു. വന്ദേഭാരത് മിഷൻ പദ്ധതിയിലൂടെ സന്നദ്ധ സംഘടനകളുടെയും മറ്റും സൗജന്യ ടിക്കറ്റിലാണ് പലരും ഒടുവിൽ മടക്ക യാത്ര ചെയ്തത്. പോകുമ്പോൾ ഇവരിൽ പലരും ചുരുങ്ങിയത് ഒരു കിലോ സ്വർണം കൊണ്ടുപോവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കൂടാതെ, താമസ വീസാ കാലാവധി കഴിഞ്ഞ് ദുരിതം പേറി അനധികൃതമായി കഴിഞ്ഞിരുന്ന ചെറുകിട ജോലിക്കാരും കഫ്റ്റീരിയ, ഗ്രോസറി ജീവനക്കാരും മറ്റും സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർമാരായി പ്രവർത്തിച്ചു. ഇപ്പോഴും വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള മിക്ക വിമാനങ്ങളിലും ഇത്തരത്തിൽ സ്വർണം കൊണ്ടുപോകുന്നുവെന്നാണ് വിവരം. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇവരെ സഹായിക്കാൻ ചില കസ്റ്റംസ് ഉദ്യോഗസ്ഥർ തയാറാകുന്നു. അല്ലാതെ ഇത്തരത്തിൽ ഒരിക്കലും സ്വർണം കൊണ്ടുപോകാൻ സാധിക്കില്ലെന്ന് നേരത്തെ കാരിയറായി പ്രവർത്തിച്ചിരുന്ന മലപ്പുറം സ്വദേശി മനോരമ ഓൺലൈനിനോട് പറഞ്ഞു. ഒട്ടേറെ പ്രാവശ്യം കൊണ്ടുപോകുമ്പോള്‍ എന്നെങ്കിലും ഒരിക്കൽ ചെറിയ തോതിലുള്ള സ്വർണക്കടത്ത് പിടികൂടി വിമർശകരുടെ വായടക്കുകയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ചെയ്യുന്നത്.
സ്വർണക്കടത്തുകാര്‍ ജീവന് ഭീഷണിയുയർത്തുന്നു എന്ന് കഴിഞ്ഞ ദിവസം പരാതിപ്പെട്ട ഷാർജയിൽ താമസിക്കുന്ന തിരുവനന്തപുരം കടയ്ക്കൽ സ്വദേശിനി ഷീജ കാരിയർമാരായി ഒട്ടേറെ യുവതികളെ താൻ ഏർപ്പാടാക്കി നൽകിയിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. ഒരു കാരിയറെ കണ്ടെത്തിയാൽ 200 ദിർഹം പ്രതിഫലം ലഭിച്ചിരുന്നതായും ഇവർ തുറന്നുപറഞ്ഞു.
നാട്ടിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് ഷാർജയിലെ വില്ലയിൽ താമസിപ്പിച്ചും കാരിയർമാരായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളാണ് അടുത്ത കാലത്തായി ഇതിന് കൂടുതലും ഉപയോഗിച്ചിരുന്നത്. സംഘങ്ങൾ നാട്ടിൽ നിന്ന് ബന്ധുക്കളെ സന്ദർശക വീസയിൽ കൊണ്ടുവന്ന് കാരിയർമാരായി ഉപയോഗിക്കുന്നു.
ഗ്രോസറികളിലും മറ്റും ചെന്ന് ഡെലിവറി ബോയിമാരെയും മറ്റും പരിചയപ്പെട്ട് നാട്ടിലേയ്ക്ക് പോയി വരാൻ വിമാന ടിക്കറ്റും അരലക്ഷത്തോളം രൂപയുമാണ് ചുരുങ്ങിയത് ഒന്നര കിലോ സ്വർണം കൊണ്ടുപോയി കൃത്യമായി കൈമാറിയാൽ പ്രതിഫലം നൽകുക. പ്രോട്ടീൻ പൊടി കൂടി ചേർത്ത് കുഴമ്പുരൂപത്തിലാക്കി രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചാണ് കൊണ്ടുപോകുന്നത്. ദെയ്റയിലെ ഒരു ജ്വല്ലറിയാണ് ഇതിനെല്ലാം കൂട്ടുനിൽക്കുന്നത്.