ചെന്നൈ : മിനിറ്റുകളുടെ വ്യത്യാസത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയും സഹതാരം സുരേഷ് റെയ്‌നയും അതിനുശേഷം ദീര്‍ഘനേരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞതായി വെളിപ്പെടുത്തല്‍. റെയ്‌ന തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്: ‘സൂപ്പര്‍ കിങ്‌സിന്റെ ഐപിഎല്‍ ക്യാംപിനായി ചെന്നൈയിലേക്കെത്തുമ്പോള്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് എനിക്കുറപ്പായിരുന്നു.
തയാറെടുത്താണു ഞാനുമെത്തിയത്. ഞാനും പീയൂഷ് ചൗളയും ദീപക് ചാഹറും ചാര്‍ട്ടേഡ് വിമാനത്തില്‍ ആദ്യം റാഞ്ചിക്കു പോയി. അവിടെനിന്നു ധോണിയെക്കൂട്ടി ചെന്നൈയിലെത്തി. വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം ഞങ്ങള്‍ കെട്ടിപ്പിടിച്ച് ഏറെനേരം പൊട്ടിക്കരഞ്ഞു. പിന്നീടു ഞാനും ധോണിയും പീയൂഷും അമ്പാട്ടി റായുഡുവും കേദാര്‍ ജാദവും കുറെനേരം സംസാരിച്ചു. ദീര്‍ഘനേരത്തെ സംഭാഷത്തിനുശേഷം രാത്രി വൈകുവോളം പാര്‍ട്ടി നടത്തി ആഘോഷിച്ചു’ റെയ്‌ന പറഞ്ഞു.
ഓഗസ്റ്റ് 15ന്റെ രഹസ്യം
‘ധോണിയുടെ ജഴ്‌സി നമ്പര്‍ 7 ആണ്. എന്റേത് 3. രണ്ടുംകൂടി ചേര്‍ത്താല്‍ 73. രാജ്യത്തിന്റെ 73ാം സ്വാതന്ത്ര്യദിനമായ ഈ ഓഗസ്റ്റ് 15 വിരമിക്കാന്‍ തിരഞ്ഞടുത്തതിനു പിന്നിലെ കാരണമിതാണ്. എല്ലാം ഞങ്ങള്‍ നേരത്തേ തീരുമാനിച്ചുറപ്പിച്ചിരുന്നു.’ റെയ്‌ന പറഞ്ഞു