ന്യൂഡല്‍ഹി: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാനിറ്ററി പാഡുകളെക്കുറിച്ചു പരാമര്‍ശിച്ചതു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ആര്‍ത്തവത്തെക്കുറിച്ചു നിലനില്‍ക്കുന്ന ഭ്രഷ്ടുകള്‍ തകര്‍ക്കുന്ന ചുവടുവയ്പാണു പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പലരും ട്വിറ്ററില്‍ കുറിച്ചു.
നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും ആരോഗ്യത്തെക്കുറിച്ച് ഈ സര്‍ക്കാര്‍ ഏറെ ഉത്കണ്ഠപ്പെടുന്നുണ്ട്. 6000 ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ചു കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍ ലഭ്യമാക്കി. അവരുടെ വിവാഹത്തിനു പണം ലഭ്യമാക്കാനായി സമിതികള്‍ രൂപീകരിക്കുകയും ചെയ്തു’. – പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നാവികസേനയും വ്യോമസേനയും വനിതകളെ യുദ്ധമുഖത്തേക്കു പരിഗണിക്കുന്നു. മുത്തലാഖ് നിരോധിച്ചു. വനിതകള്‍ ഇപ്പോള്‍ നേതൃനിരയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ആര്‍ത്തവത്തെക്കുറിച്ച് ഒരു പ്രധാനമന്ത്രി പരാമര്‍ശിക്കുകയെന്നത് അപൂര്‍മാണെന്നു പലരും ട്വിറ്ററില്‍ പ്രതികരിച്ചു. ‘എന്റെ കുടുംബത്തിലെ ഏതെങ്കിലും ഒരു പുരുഷനോട് സാനിറ്ററി പാഡ് വാങ്ങാന്‍ ആവശ്യപ്പെട്ടാല്‍ ആരും ചെയ്യാറില്ല. എന്നാല്‍ ‘എന്റെ പ്രധാനമന്ത്രി’ ഏറെ ഉയരത്തിലേക്കു പോയി. മികച്ച ശുചിത്വത്തിനായി കുറഞ്ഞവിലയ്ക്ക് സാനിറ്ററി പാഡ് ലഭ്യമാകുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ധീരത. ഇതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്ന പുരുഷന്‍.’ – ഒരു സ്ത്രീ ട്വിറ്ററില്‍ കുറിച്ചു.
ചെങ്കോട്ടയിലെ കൊത്തളത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സാനിറ്ററി നാപ്കിനെ കുറിച്ചു സംസാരിച്ചു. യാഥാസ്ഥിതിക ഇന്ത്യയില്‍ ആര്‍ത്തവത്തെക്കുറിച്ചു മുഖ്യധാരാ സംഭാഷണം.- മികച്ചത്’ – ഗുന്‍ജാ കപൂര്‍ പ്രതികരിച്ചു.
‘മറ്റേതെങ്കിലും രാജ്യത്തെ പ്രധാനമന്ത്രി ചരിത്രപരമായ ഒരു വേദിയില്‍ സ്ത്രീകളുടെ നേട്ടങ്ങളെക്കുറിച്ചും സാനിറ്ററി പാഡുകള്‍ നല്‍കിയതിനെക്കുറിച്ചും സംസാരിക്കുമെന്നു ചിന്തിക്കാന്‍ പോലും കഴിയുമോ. ഇത് പുരോഗമനപരമല്ലെങ്കില്‍ പിന്നെന്താണ്?’ – ജയാ ജയറ്റ്ലി ട്വീറ്റ് ചെയ്തു.