തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തിനിടെ അവിചാരിതമായി പുറത്തുവന്ന ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയിലെ ക്രമക്കേടുകള്‍ സംസ്ഥാന സര്‍ക്കാരിനു തലവേദനയാകുന്നു. 20 കോടിയുടെ പദ്ധതിയില്‍നിന്ന് ഒരു കോടി തനിക്കു കമ്മിഷന്‍ ലഭിച്ചുവെന്നു സ്വപ്നയും അതു നല്‍കിയെന്ന് നിര്‍മാണ കമ്പനിയായ യൂണിടാക് ഉടമയും അറിയിക്കുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന കമ്മിഷന്‍ കളികളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു മറനീക്കി പുറത്തുവരുന്നത്. കമ്മിഷന്‍ കിട്ടിയ തുക മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും പേരിലുള്ള സംയുക്ത ലോക്കറില്‍നിന്നാണു കണ്ടെടുത്തതെന്നതും ശ്രദ്ധേയമാണ്.
വടക്കാഞ്ചേരിയില്‍ പാവപ്പെട്ടവര്‍ക്കായുള്ള ഭവനസമുച്ചയ നിര്‍മാണത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ നിയന്ത്രിത പദ്ധതികളില്‍ നടക്കുന്ന വമ്പന്‍ ക്രമക്കേടിന്റെ പൂര്‍ണചിത്രം തെളിയുകയും ചെയ്യും. ഫ്ലാറ്റ് നിര്‍മാണത്തിനു സ്വകാര്യ കമ്പനിയായ യൂണിടാകിനു വഴിയൊരുക്കാനായി സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ്‌ഫോഡിന്റെ എസ്റ്റിമേറ്റ് തള്ളി. പകരം ലൈഫ് മിഷന്റെ പേരില്‍ തയാറാക്കിയ പ്ലാന്‍ പെര്‍മിറ്റെടുത്ത ശേഷം സ്വകാര്യ സംരംഭകര്‍ക്കു കൈമാറുകയായിരുന്നു.
ഭവനസമുച്ചയ നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുമതി നല്‍കിയതിലും സര്‍വത്ര ക്രമക്കേടാണു നടന്നിരിക്കുന്നത്. എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി. ലൈഫ് പദ്ധതിയുടെ ഭാഗമായി യുഎഇയിലെ റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണു നിര്‍മാണം നടക്കുന്നത്.
13 കോടി രൂപ ചെലവില്‍ ഭവനസമുച്ചയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലൈഫ് മിഷനു നല്‍കിയ ഭരണാനുമതി റദ്ദാക്കുകയോ പുതുക്കുകയോ ചെയ്യാതെയാണു റെഡ് ക്രസന്റുമായി പങ്കാളിത്ത പദ്ധതിക്ക് കരാര്‍ ഒപ്പിട്ടത്. വിദേശ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്കു കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയില്ല. ഇതിനെതിരെ അനില്‍ അക്കര എംഎല്‍എ വിദേശകാര്യ മന്ത്രാലയത്തിനു പരാതി നല്‍കി.
വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള 217 സെന്റ് സ്ഥലത്താണു ഭവനസമുച്ചയം നിര്‍മിക്കുന്നത്. 199 വീടുകള്‍ നിര്‍മിക്കാനാണ് ഹാബിറ്റാറ്റ് രൂപരേഖ തയാറാക്കിയത്. 2019 ജൂണ്‍ 26നു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ സംസ്ഥാന എംപവേഡ് കമ്മിറ്റിയില്‍ പ്ലാന്‍ 4417-60-051-95 പ്രകാരം 13.09 കോടി ചെലവുവരുന്ന എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി. ജൂലൈ 15നു മുന്‍പ് ഇക്കാര്യത്തില്‍ തുടര്‍നടപടിയെടുക്കണമെന്നു തദ്ദേശവകുപ്പിനു നിര്‍ദേശവും നല്‍കി.
എന്നാല്‍, ജൂലൈ 11ന് യുഎഇ റെഡ് ക്രസന്റ് അതോറിറ്റി കേരളത്തിലെത്തി ഇതേ സ്ഥലത്ത് ഭവനസമുച്ചയം നിര്‍മിക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ധാരണാപത്രം ഒപ്പിട്ടു. 14 കോടി രൂപ ഭവനസമുച്ചയത്തിനും 6 കോടി രൂപ ആശുപത്രി നിര്‍മാണത്തിനുമാണ് അനുവദിച്ചതെന്നാണു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, കരാര്‍ ഒപ്പിടും മുന്‍പ് സംസ്ഥാനതല എംപവേഡ് കമ്മിറ്റി യോഗം ചേരുകയോ അംഗീകാരം നല്‍കുകയോ ചെയ്തില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്കു ലൈഫ് മിഷന്‍ അധികൃതര്‍ മറുപടി നല്‍കിയില്ല. ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ലൈഫ് മിഷന്റെ വെബ്സൈറ്റില്‍ ഇല്ല.
പാവപ്പെട്ടവര്‍ക്കായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു ഫ്ലാറ്റ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 2.5 കോടി രൂപ സമാഹരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഈ ഫണ്ട് ഉപയോഗിച്ചാണു 2.5 ഏക്കര്‍ സ്ഥലം 74 ലക്ഷം രൂപയ്ക്കു വാങ്ങിയത്. സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു ഇത്. സ്ഥലം വാങ്ങിയ ശേഷം എസ്റ്റിമേറ്റ് തയാറാക്കാന്‍ കോസ്റ്റ്‌ഫോഡിനെ ഏല്‍പിച്ചു. 20 കോടിയോളം രൂപയുടേതായിരുന്നു എസ്റ്റിമേറ്റ്.
സ്ഥലം വാങ്ങിയ ശേഷമാണ് വഴിയുടെ വീതി പലയിടത്തും 3 മീറ്ററേ ഉള്ളൂവെന്നു കണ്ടെത്തുന്നത്. 5 മീറ്റര്‍ വീതിയില്ലെങ്കില്‍ ഫ്ലാറ്റ് നിര്‍മിക്കാനാകില്ല. തുടര്‍ന്നു വഴിക്കുവേണ്ടി സ്ഥലം വാങ്ങി. പെട്ടെന്നാണു നിര്‍മാണത്തിനു റെഡ് ക്രസന്റ് വരുന്നതും കോസ്റ്റ്‌ഫോഡ് പുറത്താകുന്നതും.
ലൈഫ് മിഷന്‍ പുതിയ എസ്റ്റിമേറ്റും പ്ലാനും തയാറാക്കുകയും അതു വടക്കാഞ്ചേരി നഗരസഭയില്‍ കൊടുത്തു പെര്‍മിറ്റ് എടുക്കുകയും ചെയ്തു. സിഇഒയുടെ പേരിലാണു പെര്‍മിറ്റ്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനായിരുന്നെങ്കിലും നിര്‍മാണത്തിനായി കൈവശാവകാശം വടക്കാഞ്ചേരി നഗരസഭയ്ക്കു കൈമാറിയിരുന്നു.
ഈ പ്ലാനാണു സ്വകാര്യ ഏജന്‍സിയായ യൂണിടാകിനു കൈമാറിയത്. ഇങ്ങനെ പ്ലാന്‍ കൈമാറാന്‍ നിയമം അനുവദിക്കുന്നില്ല. ലൈഫ് മിഷന്റെ പേരിലുള്ള കെട്ടിടം നിര്‍മിക്കാവുന്നതു ലൈഫ് മിഷന്‍ അംഗീകരിച്ച ഏജന്‍സികള്‍ക്കു മാത്രമാണ്. യുണിടാകിന് അത്തരം അംഗീകാരമില്ല. സ്ഥലത്തിന്റെ കൈവശക്കാരായ നഗരസഭയെ നിര്‍മാണത്തിലെ പുതിയ കരാറിനെക്കുറിച്ച് അറിയിച്ചിട്ടില്ല. ബന്ധപ്പെട്ട ഒരു രേഖയും വടക്കാഞ്ചേരി നഗരസഭയിലില്ല. അവിടെയുള്ള രേഖപ്രകാരം കെട്ടിടം നിര്‍മിക്കുന്നത് ലൈഫ് മിഷനാണ്.
നഗരസഭയുടെ സ്ഥലത്തു നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പരിശോധന നടത്തേണ്ടത് അവരുടെ എന്‍ജിനീയറിങ് വിഭാഗമാണ്. ലൈഫ് മിഷന്റെ നിര്‍മാണ വിഭാഗവും ഇതു പരിശോധിക്കണം. സിപിഎം ഭരിക്കുന്ന നഗരസഭയാണ്.
FOLLOW US PATHRAMONLINE