ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ഇനി തിരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. കേണ്‍ഗ്രസുമായി ഡല്‍ഹിയില്‍ ഇനി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കി. സഖ്യത്തെച്ചൊല്ലി കോണ്‍ഗ്രസ് ഡല്‍ഹി ഘടകം കടുത്ത ഭിന്നതയിലാണ്. മാത്രമല്ല സഖ്യചര്‍ച്ചകളുടെ പേരില്‍ കോണ്‍ഗ്രസ് സമയം പാഴാക്കിയെന്നും ഗോപാല്‍ റായ് ആരോപിച്ചു. എ.എ.പിയുടെ ഡല്‍ഹി ഘടകം അധ്യക്ഷനാണ് ഗോപാല്‍ റായ്.

കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തിന് മുന്‍കൈ എടുത്ത് എ.എ.പിയാണ് ആദ്യം സമീപിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പി.സി.സി അധ്യക്ഷ ഷീല ദീക്ഷിതിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് സഖ്യനീക്കം പൊളിഞ്ഞത്. ഡല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോയും ദേശീയനേതൃത്വവും സഖ്യത്തിന് അനുകൂലമാണ്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഷീല ദീക്ഷിത് കടുത്ത എതിര്‍പ്പിലാണ്.

സഖ്യത്തിനായി കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും അവര്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞുവെന്ന് ഗോപാല്‍ റായ് ആരോപിച്ചു. ഇനിയും കോണ്‍ഗ്രസിന് വേണ്ടി കാത്തിരുന്നിരുന്നെങ്കില്‍ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് അത് കനത്ത തിരിച്ചടി ആകുമായിരുന്നെന്നും ഗോപാല്‍ റായ് പറഞ്ഞു.

കോണ്‍ഗ്രസ് സഖ്യനീക്കം തള്ളിയതോടെ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും എ.എ.പി തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. ഏഴില്‍ അഞ്ച് സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി രണ്ട് സീറ്റ് കോണ്‍ഗ്രസിന്. പകരം പഞ്ചാബില്‍ മൂന്ന് സീറ്റും ഹരിയാനയില്‍ രണ്ട് സീറ്റും കോണ്‍ഗ്രസ് എ.എ.പിക്ക് വിട്ടുനല്‍കുക എന്ന ഫോര്‍മുലയാണ് അരവിന്ദ് കെജ്രിവാള്‍ മുന്നോട്ട് വച്ചത്. എന്നാല്‍ സഖ്യം തള്ളിയതോടെ എ.എ.പി സ്വന്തം നിലയ്ക്ക് പ്രചരണം തുടങ്ങി. അതേസമയം സഖ്യമില്ലെന്ന് പ്രഖ്യാപിച്ചുവെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നീക്കുപോക്കിന് തയ്യാറായാല്‍ എ.എ.പി വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കുമെന്നാണ് സൂചന.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7