അവസാന ആശയവിനിമയത്തിലും പൈലറ്റ് അപായ സൂചന നല്‍കിയില്ല…എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടത്തിയ ആശയവിനിമയം

കൊച്ചി :കരിപ്പൂര്‍ വിമാനത്താവളത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റുമാരില്‍ ഒരാള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടത്തിയ അവസാന ആശയവിനിമയത്തില്‍ അപകടത്തിന്റെയോ ആശങ്കയുടെയോ സൂചനയൊന്നും ഇല്ലായിരുന്നുവെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥര്‍. റണ്‍വേയില്‍ അടുക്കുമ്പോള്‍ ഒരു പൈലറ്റില്‍നിന്ന് ഉണ്ടാകുന്ന സാധാരണ ആശയവിനിമയം മാത്രമാണ് അവസാനമായി ഉണ്ടായതെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രധാന പൈലറ്റ് ആണോ സഹപൈലറ്റ് ആണോ സംസാരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടില്ല.

കാലാവസ്ഥാ പ്രശ്നം മൂലം കാഴ്ചയ്ക്കു മങ്ങലുള്ള സമയത്ത് ഏര്‍പ്പെടുത്തുന്ന ഇന്‍സ്ട്രമെന്റ് ലാന്‍ഡിങ് സംവിധാനമാണ് സജ്ജമാക്കിയത്. തുടര്‍ന്ന് പൈലറ്റ് ലാന്‍ഡിങ് ക്ലിയറന്‍സ് ആവശ്യപ്പെട്ടു. അനുമതി നല്‍കിയ ശേഷം കാഴ്ചശേഷി, ഉപരിതലം, കാറ്റിന്റെ വേഗം എന്നിവയ്ക്കുറിച്ചുള്ള വിവരം പൈലറ്റിനു കൈമാറിയെന്നും അത് അവര്‍ സ്വീകരിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തിരിച്ചറിയുമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുളളില്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നി താഴേക്കു പതിച്ചു മൂന്നു കഷ്ണമാകുകയായിരുന്നു. രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു.

സാധാരണ വിമാന അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അവസാനമായി നടക്കുന്ന ആശയവിനിമയമാണ് അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത്. എന്നാല്‍ കരിപ്പൂര്‍ അപകടത്തിലെ ആശയവിനിമയം അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുമെന്നു വിദഗ്ധര്‍ വ്യക്തമാക്കുന്നു.

അപകടത്തില്‍ മരണസംഖ്യ കുറഞ്ഞത് ഭാഗ്യമാണെന്നു സ്ഥലം സന്ദര്‍ശിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 19 പേരുടെ മരണം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ വിമാനം മൂന്നായി പിളര്‍ന്നുണ്ടായ അപകടത്തിന്റെ തീവ്രത പരിഗണിക്കുമ്പോള്‍ മരണസംഖ്യ കുറഞ്ഞത് ഭാഗ്യമാണ്. നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും നടത്തിയ സമയോചിതമായ ഇടപെടലും മരണസംഖ്യ കുറയ്ക്കാന്‍ കാരണമായെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും നിലവിലുണ്ടെന്ന് വിമര്‍ശനങ്ങള്‍ക്കു മറുപടിയായി സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കി. ഐസിഎഒ മാര്‍ഗനിര്‍ദേശപ്രകാരമുള്ള റീസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) കരിപ്പൂരിലുണ്ടെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു. എന്‍ജിനീയര്‍ഡ് മെറ്റീരിയല്‍ അറസ്റ്റര്‍ സിസ്റ്റം (ഇഎംഎഎസ്) സ്ഥാപിക്കണമെന്ന സുരക്ഷാസമിതിയുടെ ശിപാര്‍ശ എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ പരിഗണിച്ചുവെന്നും പകരം റണ്‍വേ അവസാനിക്കുന്നിടത്ത് സുരക്ഷാമേഖല വിപുലീകരിക്കാനാണ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7